ധാർമ്മികമായ ഓരോ വാദമുഖങ്ങളും ഒടുവിൽ ചെന്നെത്തുന്നത് ഒരു നിശ്ചിത പരിധിയിലാണ്; യുക്തിക്ക് വേദനയെ നേരിട്ട് അഭിമുഖീകരിക്കേണ്ടി വരുന്ന സന്ധിസ്ഥാനമാണത്. ഇതുവരെയുള്ള വിശകലനങ്ങൾ ജീവശാസ്ത്രത്തിന്റെയും യുക്തിയുടെയും തെളിഞ്ഞ പാതകളിലൂടെയാണ് സഞ്ചരിച്ചത്: ബീജസങ്കലനത്തിൽ ജീവൻ ആരംഭിക്കുന്നു, അത് അവിച്ഛിന്നമായി വളരുന്നു, അതിന് അന്തർലീനമായ മൂല്യമുണ്ട്. എന്നാൽ ഈ തത്വങ്ങൾ യഥാർത്ഥ ജീവിതാനുഭവങ്ങളിലേക്ക് പ്രവേശിക്കുമ്പോൾ, അവ എതിർപ്പുകളെ നേരിടുന്നത് വാദങ്ങളിൽ നിന്നല്ല, മറിച്ച് വിലാപങ്ങളിൽ നിന്നാണ്. ഈ അതിർവരമ്പിൽ വെച്ച് ബോധ്യങ്ങൾ പരീക്ഷിക്കപ്പെടുന്നത് ഖണ്ഡനങ്ങളിലൂടെയല്ല, മറിച്ച് കണ്ണീരിലൂടെയാണ്.

5.1 ബോധ്യങ്ങൾ ദുഃഖത്തെ അഭിമുഖീകരിക്കുമ്പോൾ

വളരെ പ്രിയപ്പെട്ട ഒരു ശബ്ദം ദൂരദേശത്തുനിന്ന് ഒരിക്കൽ ഫോൺ വിളിച്ചു. ആ വാക്കുകളിൽ വിറയലുണ്ടായിരുന്നു. ഗർഭസ്ഥ ശിശുവിന് ഗുരുതരമായ നാഡീസംബന്ധമായ തകരാറുണ്ടെന്ന് പരിശോധനകളിൽ തെളിഞ്ഞിരിക്കുന്നു. ഗർഭഛിദ്രം നടത്താനാണ് വൈദ്യശാസ്ത്രം നിർദ്ദേശിച്ചിരിക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള നിർദ്ദേശങ്ങളേക്കാൾ ഉപരിയായി, ആകെ ഉലഞ്ഞുപോയ തന്റെ ആന്തരികലോകത്തെ എവിടെയെങ്കിലും ഒന്ന് ഉറപ്പിച്ചു നിർത്താനാണ് ആ ശബ്ദം ശ്രമിച്ചിരുന്നത്. പക്ഷെ അവിടെ പങ്കുവെക്കപ്പെട്ടത് മാറ്റമില്ലാത്ത ചില വിശ്വാസപ്രമാണങ്ങളായിരുന്നു: ജീവൻ എത്ര പരിമിതമാണെങ്കിലും അത് ജീവൻ തന്നെയാണ്, അത് മനഃപൂർവ്വം അവസാനിപ്പിക്കുന്നത് തെറ്റാണ്. പിന്നീട് വീണ്ടും സംഭാഷണങ്ങൾ നടന്നപ്പോഴും ഇതേ കാര്യങ്ങൾ തന്നെ ആവർത്തിക്കപ്പെട്ടു. എന്നാൽ ഓരോ തവണയും ആ ബോധ്യങ്ങളുടെ കരുത്ത് നേർത്തുവരുന്നതായി അനുഭവപ്പെട്ടു. ദൂരസ്ഥമായ ഇടങ്ങളിൽ നിന്നുകൊണ്ട് ഉറച്ച നിലപാടുകൾ എടുക്കുക എളുപ്പമാണ്; എന്നാൽ ദുഃഖം തൊട്ടടുത്ത് നിൽക്കുമ്പോൾ ആ ഉറപ്പ് പതറിപ്പോകുന്നു. ഒരാഴ്ചയ്ക്ക് ശേഷം ആ വിധി നടപ്പിലാക്കാൻ തീരുമാനിച്ചു എന്ന അറിയിപ്പ് എത്തി. പിന്നീട് സംസാരിക്കാൻ അധികമൊന്നും ബാക്കിയില്ലായിരുന്നു.

സംഭവിച്ച കാര്യത്തേക്കാൾ ഉപരിയായി അസ്വസ്ഥതയുണ്ടാക്കിയത് ആ പ്രവൃത്തി മാത്രമല്ല, മറിച്ച് ഒരു സാന്നിധ്യമായി മാറാൻ കഴിയാത്ത ആ പരിമിതിയായിരുന്നു. തത്വങ്ങളെക്കുറിച്ച് സംസാരിക്കാൻ കഴിഞ്ഞെങ്കിലും ഒരു സാന്നിധ്യം വാഗ്ദാനം ചെയ്യാൻ അവിടെ സാധിച്ചില്ല. ആ കുഞ്ഞിനെ വളർത്തുന്നതിലെ ഭാരങ്ങൾ പങ്കുവെക്കാനോ, പ്രായോഗികമായി സഹായിക്കാനോ ഒപ്പമുണ്ടാകുമെന്ന് പറയാനുള്ള ധീരത അവിടെ ഉണ്ടായിരുന്നില്ല. തത്വങ്ങൾ സംരക്ഷിക്കാൻ വാക്കുകൾ ഉപയോഗിച്ചെങ്കിലും, ആ തത്വങ്ങൾക്കൊപ്പം നിൽക്കാൻ സ്വയം നൽകാൻ തയ്യാറായില്ല എന്ന തിരിച്ചറിവ് വല്ലാത്തൊരു ആഘാതമായി. പരാജയപ്പെട്ടത് തത്വങ്ങളല്ല, മറിച്ച് അവയോടൊപ്പം സഞ്ചരിക്കാനുള്ള സന്നദ്ധതയായിരുന്നു.

ഈ ഓർമ്മ ഇന്നും നിലനിൽക്കുന്നത് അറിവും പ്രവൃത്തിയും തമ്മിലുള്ള ദൂരത്തെ അത് വെളിപ്പെടുത്തുന്നത് കൊണ്ടാണ്. ധർമ്മപരമായ സത്യങ്ങൾ മനുഷ്യന്റെ ബലഹീനതകൾ കൊണ്ട് ഇല്ലാതാകുന്നില്ല; എങ്കിലും സാക്ഷാത്കരിക്കപ്പെടാത്ത സത്യങ്ങൾ അത് തിരിച്ചറിയുന്ന അന്തഃകരണത്തിൽ ആഴമേറിയ മുറിവുകൾ അവശേഷിപ്പിക്കുന്നു. വാക്കുകൾ കൊണ്ട് ജീവനെ പ്രതിരോധിക്കുന്നത് ഒരു കാര്യമാണ്; ആ പ്രതിരോധം മൂലം ദുരിതമനുഭവിക്കുന്നവരുടെ കൂടെ നിൽക്കുക എന്നത് മറ്റൊരു കാര്യവുമാണ്. ഈ ഘട്ടത്തിൽ നൈതികത എന്നത് കേവലമായ ഒരു സിദ്ധാന്തമല്ലാതായി മാറുകയും വിനയമായി പരിണമിക്കുകയും ചെയ്യുന്നു.

5.2 വൈദ്യശാസ്ത്രപരമായ പ്രതിസന്ധിയും ആത്മരക്ഷയുടെ ധർമ്മനീതിയും

അപൂർവ്വമെങ്കിലും ചില നിമിഷങ്ങളിൽ, ഗർഭധാരണം മാതാവിന്റെ ജീവന് നിശ്ചിതമായ ഭീഷണിയായി മാറാറുണ്ട്. ശിശുവിനെ സംരക്ഷിക്കേണ്ട അതേ ശരീരം തന്നെ ഇരുവരുടെയും നാശത്തിന് കളമൊരുക്കുന്ന വൈരുദ്ധ്യമായി ഇവിടെ പരിണമിക്കുന്നു. ആധുനിക വൈദ്യശാസ്ത്രം ഇത്തരം മിക്ക സാഹചര്യങ്ങളെയും വിജയകരമായി മറികടക്കുന്നുണ്ടെങ്കിലും, സാങ്കേതികവിദ്യയ്ക്ക് പരിഹരിക്കാനാവാത്ത ചില ധർമ്മസങ്കടങ്ങൾ ഇന്നും അവശേഷിക്കുന്നു. ഒരേ ശാരീരിക പ്രക്രിയയാൽ അഭേദ്യമായി ബന്ധിക്കപ്പെട്ട രണ്ട് ജീവനുകൾ; ഒരാളുടെ അതിജീവനത്തിന് മറ്റൊരാളുടെ നഷ്ടം അനിവാര്യമായിത്തീരുന്ന നിസ്സഹായാവസ്ഥയാണിത്.

നൈതികമായ വീക്ഷണത്തിൽ, മാതാവും ശിശുവും തുല്യമായ മൂല്യമുള്ള രണ്ട് മനുഷ്യജീവനാണ്. ഒരാളും മറ്റൊരാളുടെ നിലനിൽപ്പിനായുള്ള വെറുമൊരു ഉപകരണമല്ല; രണ്ടുപേർക്കും ജീവിക്കാനുള്ള അവകാശം ഒരുപോലെയാണ്. എങ്കിലും, ആസന്നമായ നാശത്തിൽ നിന്ന് സ്വന്തം ജീവൻ സംരക്ഷിക്കാനുള്ള അവകാശം ഏതൊരു വ്യക്തിക്കും ധർമ്മനിയമങ്ങൾ വകവെച്ചു നൽകുന്നുണ്ട്. ഗർഭധാരണം തുടരുന്നത് മാതാവിന്റെയും ശിശുവിന്റെയും ഒരേപോലെ മരണത്തിന് കാരണമാകുമെന്ന് വൈദ്യശാസ്ത്രപരമായി ഉറപ്പുള്ള സാഹചര്യത്തിൽ, മാതാവിനെ രക്ഷിക്കാനായി നടത്തുന്ന ഇടപെടലുകളെ ഒരു അധിനിവേശമായി കാണാനാവില്ല.

ഇവിടെ പ്രവൃത്തിയുടെ ഉദ്ദേശ്യശുദ്ധിയാണ് അതിന്റെ ധാർമികത നിശ്ചയിക്കുന്നത്. ശിശുവിനെ നശിപ്പിക്കുക എന്നതല്ല, മറിച്ച് മാതാവിന്റെ മരണം തടയുക എന്നതാണ് ഇവിടെ ലക്ഷ്യം. ശിശുവിന്റെ വേർപാട് ഇവിടെ മുൻകൂട്ടി കാണുന്നുണ്ടെങ്കിലും അത് മനഃപൂർവ്വം തിരഞ്ഞെടുക്കപ്പെടുന്ന ഒന്നല്ല—ആത്മരക്ഷയ്ക്കായി നടത്തുന്ന ഒരു പ്രവൃത്തിയുടെ അനിവാര്യവും ദാരുണവുമായ അനുബന്ധം മാത്രമാണത്. ദാർശനിക പാരമ്പര്യത്തിൽ ഇതിനെ Principle of Double Effect എന്ന് വിളിക്കുന്നു. ഒരു നന്മ ലക്ഷ്യമാക്കി ചെയ്യുന്ന പ്രവൃത്തിയിൽ നിന്ന് ഒഴിവാക്കാൻ കഴിയാത്ത വിനാശകരമായ മറ്റൊരു പ്രത്യാഘാതം ഉണ്ടാകുന്ന അവസ്ഥയാണിത്. ഇത്തരം പ്രവൃത്തികൾ ജീവന്റെ മഹത്വത്തെ നിഷേധിക്കുന്നില്ല, മറിച്ച് രണ്ട് ജീവനുകളെയും ഒരുപോലെ കാത്തുസൂക്ഷിക്കുക എന്നത് അസാധ്യമായ ഒരു സാഹചര്യത്തിലെ കയ്പേറിയ യാഥാർത്ഥ്യത്തെ അത് അംഗീകരിക്കുകയാണ് ചെയ്യുന്നത്.

എങ്കിലും, ശയ്യയ്ക്കരികിൽ നിൽക്കുന്നവർക്ക് ലക്ഷ്യവും ഫലവും തമ്മിലുള്ള ഇത്തരം വേർതിരിവുകൾ വലിയ ആശ്വാസമൊന്നും നൽകുന്നില്ല. താങ്ങാൻ കഴിയാത്ത ദുഃഖങ്ങൾക്ക് നാമകരണം ചെയ്യാൻ മാത്രമേ നൈതികതയ്ക്ക് സാധിക്കൂ. എന്നിരുന്നാലും ആ വ്യക്തത പ്രധാനമാണ്. ആത്മരക്ഷയെ ഒരു നൈതിക അവകാശമായി അംഗീകരിക്കുന്നതിലൂടെ, ഗർഭസ്ഥ ശിശുവിനെയും മാതാവിനെയും സംരക്ഷിക്കുന്നത് ഒരേ ധർമ്മനിയമമാണെന്ന് നാം ഉറപ്പിക്കുന്നു. അതൊരിക്കലും വിഭജിക്കപ്പെട്ട ഒന്നല്ല; കൊലപാതകം ചെയ്യരുത് എന്ന കല്പനയും, ജീവനെ വിനാശത്തിന് വിട്ടുകൊടുക്കരുത് എന്ന നിഷ്കർഷയും ഒന്നുതന്നെയാണ്. ഇത്തരമൊരു തീരുമാനം എപ്പോഴും അഗാധമായ ദുഃഖത്താൽ വേണം അടയാളപ്പെടുത്താൻ; അവിടെ വിജയത്തിന്റെ ഭാവങ്ങളില്ല. ധർമ്മക്രമം ഇവിടങ്ങളിൽ സുതാര്യമായിരിക്കാം, എന്നാൽ അത് വിറകൊള്ളുന്നു. ജീവൻ ജീവനെ നേരിടുന്ന ഇത്തരം സന്ധികളിൽ, മനസ്സാക്ഷി ആഘോഷങ്ങളിലേക്കല്ല, മറിച്ച് വിലാപങ്ങളിലേക്കാണ് വഴി മാറെണ്ടതു.

5.3 ബലാത്കാരത്തിന്റെ മുറിപ്പാടുകളും നിരപരാധിത്വത്തിന്റെ ധർമ്മസങ്കടവും

ബലാത്സംഗത്തോളം മനുഷ്യന്റെ ആത്മബോധത്തെയും സ്വത്വത്തെയും തകർക്കുന്ന ഭയാനകമായ മറ്റൊരു അനുഭവം ലോകത്തില്ല. അത് കേവലം ഒരു ശാരീരിക കടന്നുകയറ്റമല്ല; മറിച്ച് ധർമ്മപരമായ കർത്തൃത്വത്തിന് (moral agency) നേരെയുള്ള കടന്നാക്രമണമാണ്. സ്വയംഭരണാധികാരത്തിനും, വിശ്വാസത്തിനും, ശാരീരികമായ സമ്മതത്തിനും മേൽ നടത്തപ്പെടുന്ന ആ അധിനിവേശത്തിൽ വ്യക്തിയുടെ ഇച്ഛാശക്തി പൂർണ്ണമായും അടിച്ചമർത്തപ്പെടുന്നു. പ്രകൃതിദത്തമായി അനുരാഗത്തിനും ജീവസൃഷ്ടിക്കും ഉതകേണ്ട ഒന്നിനെ അധികാരപ്രയോഗത്തിന്റെ ഉപകരണമായി മാറ്റുന്ന ഈ ക്രൂരതയിൽ നിന്ന് ഒരു ഗർഭധാരണം സംഭവിക്കുമ്പോൾ, ജീവന്റെ മൂല്യത്തെക്കുറിച്ചുള്ള വാദങ്ങൾ അതിന്റെ ഏറ്റവും കഠിനമായ പരീക്ഷണത്തെയാണ് അഭിമുഖീകരിക്കുന്നത്.

ഏതൊരു വാദമുഖത്തിനും മുൻപ് ഇവിടെ കരുണയ്ക്കാണ് പ്രസക്തി നൽകേണ്ടത്. ഇത്തരമൊരു അതിക്രമത്തിന് ഇരയായ സ്ത്രീ അതിന്റെ പ്രത്യാഘാതങ്ങളിൽ പൂർണ്ണമായും നിരപരാധിയാണ്. അവളുടെ സമ്മതമില്ലാതെ ശരീരം ആ പ്രക്രിയയിൽ പങ്കാളിയാക്കപ്പെട്ടിരിക്കുന്നു. ഈ ലംഘനത്തെ അവഗണിച്ചുകൊണ്ടുള്ള ഏതൊരു ധർമ്മചിന്തയും തത്വങ്ങളെ ക്രൂരതയായി പരിവർത്തനം ചെയ്യുകയേ ഉള്ളൂ. എന്നാൽ അതേസമയം തന്നെ, ആ പ്രവൃത്തിയിലൂടെ അസ്തിത്വത്തിലേക്ക് വന്ന ജീവനും നിരപരാധിയാണ്. ആ കുട്ടി ഒരു തെറ്റും ചെയ്തിട്ടില്ല, ദ്രോഹങ്ങൾ ഒന്നും തന്നെ തിരഞ്ഞെടുത്തിട്ടില്ല; അക്രമിയുടെ പാപഭാരം ആ ശിശുവിൽ ചാർത്താനാവില്ല. ബോധവതിയും മുറിവേറ്റവളുമായ ഒരു നിരപരാധിയും, ശബ്ദമില്ലാത്തവനും വളർന്നുവരുന്നവനുമായ മറ്റൊരു നിരപരാധിയും ഇവിടെ ദാരുണമായ ഒരു അസ്തിത്വപരമായ സംഘർഷത്തിൽ ഏർപ്പെട്ടിരിക്കുന്നു. ധർമ്മപരമായ യുക്തിചിന്ത അതിന്റെ അതിരുകളിൽ എത്തുന്ന സന്ദർഭമാണിത്. അക്രമിയുടെ കടന്നാക്രമണത്തിൽ നിന്ന് മുക്തയാകാനുള്ള സ്ത്രീയുടെ അവകാശത്തെ അംഗീകരിക്കുമ്പോൾ തന്നെ, ഗർഭഛിദ്രം എന്നത് വിമോചനമാണോ അതോ മറ്റൊരു അക്രമമാണോ എന്ന് നാം ചോദിക്കേണ്ടി വരുന്നു. ജീവിക്കാനുള്ള കുട്ടിയുടെ അവകാശത്തെ ഉയർത്തിപ്പിടിക്കുമ്പോൾ, അത് സ്ത്രീയുടെ മാനസികാഘാതത്തെ കൂടുതൽ ആഴത്തിലാക്കുന്നുണ്ടോ എന്നും ആരായേണ്ടതുണ്ട്.

ലളിതമായ ഉത്തരങ്ങൾക്കൊന്നും ഈ സംഘർഷത്തെ പൂർണ്ണമായി പരിഹരിക്കാനാവില്ല. പീഡനത്തിന് ഇരയായവളിൽ നിന്ന് അസാധ്യമായ ത്യാഗങ്ങൾ ആവശ്യപ്പെടുന്നത് അനീതിയാണ്; അതുപോലെ തന്നെ മറ്റൊരാളുടെ കുറ്റത്തിന് നിരപരാധിയായ ഒരു ജീവനെ നശിപ്പിക്കുന്നതും അനീതിയാണ്. ഒരുപക്ഷേ, ഈ സങ്കീർണ്ണതയ്ക്ക് വ്യാജമായ പരിഹാരങ്ങൾ നൽകാതിരിക്കുന്നതാവും ഏറ്റവും വലിയ സത്യസന്ധത. ജീവന്റെ മൂല്യം നിഷേധിക്കപ്പെടരുത്, എങ്കിലും ആ മുറിവിനെ അതിന്റെ എല്ലാ തീക്ഷ്ണതയോടെയും തിരിച്ചറിയുകയും പേറുകയും വേണം. നിയമം അതിന്റെ പ്രായോഗികതയിൽ നിന്ന് തീരുമാനങ്ങൾ എടുത്തേക്കാം; എന്നാൽ കാരുണ്യം എപ്പോഴും ആ സ്ത്രീയോടൊപ്പം ഉണ്ടായിരിക്കണം. അവളെ ആ തീരുമാനത്തിൽ ഒറ്റപ്പെടുത്താതിരിക്കുക എന്നത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. സംരക്ഷണം നൽകാതെ ജന്മം നൽകാൻ നിർബന്ധിക്കുന്ന ഒരു സംസ്കാരം താൻ ഉയർത്തിപ്പിടിക്കുന്നു എന്ന് അവകാശപ്പെടുന്ന മൂല്യങ്ങളെ തന്നെയാണ് വഞ്ചിക്കുന്നത്.

ബുദ്ധികൊണ്ട് മാത്രം ഉത്തരം നൽകാൻ കഴിയാത്ത ചില ചോദ്യങ്ങൾ ചരിത്രത്തിൽ അവശേഷിക്കുന്നു. കുട്ടിയുടെ നിരപരാധിത്വവും സ്ത്രീയുടെ സങ്കടവും വ്യത്യസ്തങ്ങളായ ധർമ്മതലങ്ങളിലാണ് നിലകൊള്ളുന്നത്; നഷ്ടങ്ങൾ ഇല്ലാതെ അവയെ കൂട്ടിയിണക്കാൻ യാതൊരു സമവാക്യങ്ങൾക്കും കഴിയില്ല. കുറഞ്ഞ പക്ഷം, സ്നേഹം പരാജയപ്പെട്ടിടത്ത് വെറുപ്പ് അതിന്റെ ജോലി പൂർത്തിയാക്കാതിരിക്കാൻ ശ്രദ്ധിക്കുക എന്നതാവണം ധർമ്മനിയമങ്ങളുടെ അടിസ്ഥാനം.

5.4 സാമൂഹികമായ അസമത്വവും ഉത്തരവാദിത്തത്തിന്റെ ഭാരവും

ധർമ്മനിയമങ്ങൾ സാർവ്വലൗകികമാണെങ്കിലും അവ നൽകുന്ന ഭാരം എല്ലാവരിലും ഒരുപോലെയല്ല പതിക്കുന്നത്. സുരക്ഷിതമായ സാഹചര്യത്തിൽ കഴിയുന്നവർക്ക് സ്വയംസിദ്ധമെന്ന് തോന്നുന്ന തത്വങ്ങൾ ദുർബലരായവർക്ക് അസഹനീയമായ ഭാരമായി മാറിയേക്കാം. ശരിയായ വരുമാനമോ സാമൂഹികമായ പിന്തുണയോ ഇല്ലാത്ത ഒരു സ്ത്രീയുടെ ജീവിതത്തിൽ ഒരു പുതിയ ജീവന്റെ സാന്നിധ്യം പ്രതീക്ഷയാകണമെന്നില്ല, മറിച്ച് അത് നിരാശയിലേക്കുള്ള വഴിയായേക്കാം. ദാരിദ്ര്യവും അവഗണനയും ജൈവികമായ സാധ്യതയെ ധർമ്മപരമായ വലിയൊരു ആകുലതയാക്കി മാറ്റുന്നു. ധർമ്മപരമായ ബാധ്യതകൾ നീതിയുക്തമാകണമെങ്കിൽ സമൂഹം അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണം. കഷ്ടപ്പാടുകൾക്കിടയിൽ ജീവന്റെ മൂല്യം കുറയുന്നില്ലെങ്കിലും അതിനെ സംരക്ഷിക്കാനുള്ള ശേഷി കുറയുന്നുണ്ട്. മാതൃത്വം എന്നത് കേവലം ഒരു സാഹസിക കൃത്യമായി മാറേണ്ടി വരുമ്പോൾ, അവിടെ അനീതി സംഭവിക്കുന്നത് ആ സ്ത്രീയുടെ പരിമിതികളിലല്ല, മറിച്ച് പുണ്യത്തിന്റെ വിലയായി ത്യാഗം ആവശ്യപ്പെടുന്ന സാമൂഹിക ഘടനയിലാണ്. മാതാവിന്റെ ദുരിതങ്ങളെ അവഗണിച്ചുകൊണ്ട് ഗർഭസ്ഥ ശിശുവിനെ സംരക്ഷിക്കണം എന്ന് പറയുന്നത് പ്രകൃതി ഒന്നായി ചേർത്തതിനെ വേർപെടുത്തുന്നതിന് തുല്യമാണ്.

ഇവിടെ ഒരു പ്രധാന വേർതിരിവ് ആവശ്യമാണ്. ഗർഭധാരണത്തെ തടയുന്ന ഗർഭനിരോധന മാർഗ്ഗങ്ങൾ വിവേകത്തിന്റെയും ദീർഘവീക്ഷണത്തിന്റെയും ഭാഗമാണ്. എന്നാൽ ആരംഭിച്ചു കഴിഞ്ഞ ഒരു ജീവനെ മനഃപൂർവ്വം നശിപ്പിക്കുന്നത് തികച്ചും വ്യത്യസ്തമായ ഒരു ധർമ്മവിഭാഗത്തിലാണ് വരുന്നത്. ഭ്രൂണം രൂപപ്പെട്ടുകഴിഞ്ഞാൽ അത് കേവലം ഒരു സാധ്യതയല്ല, മറിച്ച് യഥാർത്ഥ ജീവനാണ്. അതിന്റെ നാശത്തെ ‘തടയൽ’ എന്ന് വിളിക്കുന്നത് തുടക്കം എന്ന വാക്കിന്റെ അർത്ഥത്തെത്തന്നെ മായ്ച്ചുകളയുന്നതിന് തുല്യമാണ്. എങ്കിലും, ധർമ്മത്തോടുള്ള വിശ്വസ്തതയും ജീവിതത്തിന്റെ തകർച്ചയും തമ്മിൽ തിരഞ്ഞെടുക്കാൻ ഒരു സ്ത്രീയും നിർബന്ധിതയാകാത്ത വിധം ഉത്തരവാദിത്തപരമായ പ്രതിരോധ മാർഗ്ഗങ്ങൾ എല്ലാവർക്കും ലഭ്യമാക്കേണ്ടത് നീതിയുടെ ആവശ്യമാണ്.

ജീവന്റെ സംരക്ഷണം എന്നത് കേവലം നിരോധനങ്ങളിൽ ഒതുങ്ങുന്നില്ല. ധർമ്മതത്വങ്ങൾ ശിക്ഷകളായി മാറാത്ത ഒരു സാഹചര്യം സൃഷ്ടിക്കുക എന്നതാണ് പ്രധാനം. മാതാക്കൾക്കുള്ള പിന്തുണ, ആരോഗ്യ പരിരക്ഷ, വിദ്യാഭ്യാസം, സാമൂഹികമായ അന്തസ്സ് എന്നിവ വെറുമൊരു ഔദാര്യമല്ല, മറിച്ച് നീതിയുടെ ഭാഗമാണ്. ഇവ ഇല്ലാത്ത ഒരിടത്ത്, തത്വങ്ങൾ ശരിയായിരിക്കാമെങ്കിലും അത് പ്രഘോഷിക്കുന്ന സമൂഹം കുറ്റവിചാരണ ചെയ്യപ്പെടേണ്ടതാണ്. ഭ്രൂണത്തിന്റെ മൂല്യം തിരിച്ചറിയുന്ന അതേ അന്തഃകരണം ദരിദ്രരെ ഈ ബോധ്യങ്ങളിൽ നിന്ന് അകറ്റുന്ന സാമൂഹിക ക്രമത്തെയും എതിർക്കേണ്ടതുണ്ട്. നിരാശയെ കണ്ടില്ലെന്ന് നടിച്ചുകൊണ്ട് പവിത്രതയെക്കുറിച്ച് സംസാരിക്കുന്നത് വാക്കുകളുടെ അർത്ഥം ചോർത്തിക്കളയുന്നതിന് തുല്യമാണ്.

5.5 അതിരുകളിലെ അപൂർവ്വതകളും ദാർശനികമായ ആകുലതകളും

ഈ ദാരുണമായ സാഹചര്യങ്ങൾക്കും അപ്പുറത്ത്, വൈദ്യശാസ്ത്രവും വ്യക്തിത്വവും തമ്മിലുള്ള അതിർവരമ്പുകൾ കൂടുതൽ അവ്യക്തമാകുന്ന അപൂർവ്വമായ ചില സന്ദർഭങ്ങളുണ്ട്. സുപ്രധാനമായ അവയവങ്ങൾ പങ്കിടുന്ന ഒട്ടിച്ചേർന്ന ഇരട്ടകൾ, ജനനത്തിന് ശേഷം അതിജീവിക്കാൻ സാധിക്കാത്ത വിധം ജനിതക വൈകല്യങ്ങളുള്ള ഭ്രൂണങ്ങൾ, അമ്മയുടെയും കുഞ്ഞിന്റെയും ജീവന് ഒരുപോലെ ഭീഷണിയായ ഗർഭപാത്രത്തിന് പുറത്തുള്ള ഗർഭധാരണങ്ങൾ (ectopic pregnancies), ഒരാളെ രക്ഷിക്കുന്നത് മറ്റൊരാളെ അപകടത്തിലാക്കുന്ന ശസ്ത്രക്രിയകൾ—ഇവയെല്ലാം ധർമ്മപരമായ യുക്തിചിന്തയെ അതിന്റെ പരമാവധി പരിധിയിലേക്ക് തള്ളിവിടുന്നവയാണ്.

മനുഷ്യബുദ്ധി എപ്പോഴും വ്യക്തമായ വർഗ്ഗീകരണങ്ങൾക്കായി ദാഹിക്കുന്നു; എന്നാൽ പ്രകൃതി പലപ്പോഴും അത്തരം അതിർവരമ്പുകളെ പ്രതിരോധിക്കുന്നു. ഒരൊറ്റ ശരീരത്തിൽ രണ്ട് ഹൃദയങ്ങൾ തുടിക്കുന്നുണ്ടാകാം; മരിച്ചുകൊണ്ടിരിക്കുന്ന ഒരു ഭ്രൂണം തന്റെ ഇരട്ടയുടെ ജീവനെ താങ്ങിനിർത്തുന്നുണ്ടാകാം; ബോധോദയത്തിന് യാതൊരു സാധ്യതയുമില്ലാത്ത ഇടങ്ങളിൽ സാങ്കേതികവിദ്യ ജൈവികമായ പ്രവർത്തനങ്ങളെ നീട്ടിക്ന്നുണ്ടാകാം. ഇത്തരമൊരു സന്ധിയിൽ, കേവലമായ സൂത്രവാക്യങ്ങളിൽ മാത്രം ധർമ്മബോധത്തിന് വിശ്രമിക്കാനാവില്ല. ഈ പരമ്പരയുടെ ആധാരശിലയായ ആ മൗലിക ചോദ്യത്തിലേക്ക് തന്നെ ഓരോ സാഹചര്യത്തിലും നമുക്ക് മടങ്ങേണ്ടി വരും: ഈ നിമിഷം, ഈ അവസ്ഥയിൽ, ജീവന്റെ അന്തസ്സിനെ ഏറ്റവും സത്യസന്ധമായി ആദരിക്കാനുള്ള വഴി എന്താണ്?

ഇത്തരം സന്ദർഭങ്ങളിലെ സത്യം എന്നത് പരിമിതികളെയും നഷ്ടങ്ങളെയും കൂടി ഉൾക്കൊള്ളുന്ന ഒന്നാണ്. കേവലമായ ഒരു സാങ്കേതിക നിർവ്വഹണത്തിൽ നിന്ന് ധർമ്മപരമായ പ്രവൃത്തിയെ വേർതിരിക്കുന്നത് അതിന്റെ വിജയമല്ല, മറിച്ച് ഉദ്ദേശ്യശുദ്ധിയാണ് (integrity of intent). എത്ര ഹ്രസ്വമോ പരിമിതമോ ആയ ജീവനെയും വെറുമൊരു ഭാരമായി കണ്ട് തള്ളിക്കളയാതിരിക്കുക എന്നതാണ് പ്രധാനം. തിരിച്ചുപിടിക്കാനാവാത്ത ദുരന്തങ്ങൾക്കിടയിലും ഇത്തരമൊരു ആത്മനിയന്ത്രണത്തോടെ വൈദ്യശാസ്ത്രം പ്രവർത്തിക്കുമ്പോൾ, അത് ധർമ്മക്രമത്തിനുള്ളിൽ തന്നെ നിലകൊള്ളുന്നു.

5.6 സംസ്കാരത്തിന്റെ ഉരകല്ല്

ജീവശാസ്ത്രത്തിലൂടെയും, ദർശനത്തിലൂടെയും, നിയമത്തിലൂടെയും, വേദനകളിലൂടെയും കടന്നുപോയി നാം വീണ്ടും ആ പഴയ പ്രസ്താവനയിലേക്ക് തന്നെ മടങ്ങിയെത്തുന്നു: ഓരോ മനുഷ്യജീവനും തുല്യമായ മൂല്യമുണ്ട്. ആ അവകാശവാദത്തിന് മാറ്റം സംഭവിച്ചിട്ടില്ല, എന്നാൽ അതിന് നൽകേണ്ടി വരുന്ന വില ഇപ്പോൾ കൂടുതൽ ദൃശ്യമാണ്. രോഗ പീഡകളാലും, ദാരിദ്ര്യത്താലും, അധികാരപ്രയോഗങ്ങളാലും ആ തത്വം പരീക്ഷിക്കപ്പെടുന്നത് നാം കണ്ടു. ധർമ്മപരമായ സത്യങ്ങളെ നിയമസംഹിതകളിലേക്ക് പരിവർത്തനം ചെയ്യാൻ നിയമം കിതയ്ക്കുന്നതും, ദുഃഖത്തിന് മുന്നിൽ യുക്തി പതറുന്നതും നാം തിരിച്ചറിഞ്ഞു. എങ്കിലും ആ തത്വം അചഞ്ചലമായി നിലനിൽക്കുന്നു.

ജീവനെ പ്രതിരോധിക്കുക എന്നത് കേവലം സദാചാര പ്രസംഗമല്ല; മറിച്ച് അസ്തിത്വത്തെ ഒരു നിർമ്മിതിയായോ ഉപകരണമായോ കാണാതെ അതൊരു ദാനമായി തിരിച്ചറിയലാണ്. ഓരോ ഭ്രൂണവും ശിശുവും വഹിക്കുന്നത് യാതൊരു നയരൂപീകരണങ്ങൾക്കും വികാരങ്ങൾക്കും മായ്ച്ചുകളയാൻ കഴിയാത്ത ഒരു അവിച്ഛിന്നതയെയാണ്. ഈ തുടർച്ചയെ അംഗീകരിക്കുകയും, ആ ജീവനെ വഹിക്കുന്നവർ തകർന്നുപോകാത്ത വിധം അവരെ സംരക്ഷിക്കാനുള്ള സാഹചര്യം ഒരുക്കുകയും ചെയ്യുക എന്നതാണ് യുക്തിസഹമായ ഒരു സമൂഹത്തിന്റെ ദൗത്യം. ധർമ്മപരമായ ബോധ്യങ്ങൾ മാനുഷികമായി നിലനിൽക്കണമെങ്കിൽ അവ സഹാനുഭൂതിയായും ഐക്യദാർഢ്യമായും പരിണമിക്കണം.

അതുകൊണ്ട് തന്നെ, ജീവന്റെ സംരക്ഷണം എന്നത് വെറുമൊരു നിരോധനമല്ല. അത് കരുണയാൽ രൂപപ്പെട്ട സ്ഥാപനങ്ങളെ ആവശ്യപ്പെടുന്നുണ്ട്: മുറിവേൽപ്പിക്കാതെ സുഖപ്പെടുത്തുന്ന വൈദ്യശാസ്ത്രം, അടിച്ചമർത്താതെ സംരക്ഷിക്കുന്ന നിയമങ്ങൾ, ഒറ്റപ്പെടുത്താതെ കൂടെനിൽക്കുന്ന സമൂഹങ്ങൾ. ജീവിച്ചിരിക്കുന്ന മാതാവ് വിധിനിർണ്ണയങ്ങൾക്കല്ല, മറിച്ച് കരുതലിന് അർഹയാകുന്നത് വരെ ഭ്രൂണത്തിന്റെ പവിത്രത എന്നത് വെറുമൊരു സങ്കല്പം മാത്രമായി തുടരും. ദാരിദ്ര്യം എന്നത് നിലനിൽപ്പിനും പുണ്യത്തിനും ഇടയിലുള്ള ഒരു തിരഞ്ഞെടുപ്പായി മാറാത്തടത്തോളം, കരുണ എന്നത് ആഡംബരമല്ല മറിച്ച് ഒരു അനിവാര്യതയായി അംഗീകരിക്കപ്പെടുന്നത് വരെ ഈ പോരാട്ടം പൂർണ്ണമാകില്ല.

എങ്കിലും, കാരുണ്യത്തിന് സത്യത്തെ ഇല്ലാതാക്കാൻ കഴിയില്ല. ജീവന്റെ മൂല്യം എന്നത് ആരുടെയും സൗകര്യത്താലോ, ദൃശ്യപരതയാലോ, സമ്മതത്താലോ കൽപ്പിച്ചു നൽകപ്പെടുന്ന ഒന്നല്ല. അത് ജീവൻ തുടങ്ങുന്നിടത്ത്—ബീജസങ്കലനമെന്ന ആ നിശബ്ദവും അദൃശ്യവുമായ നിമിഷത്തിൽ—ആരംഭിക്കുന്നു. ദാർശനികമോ നിയമപരമോ സാമൂഹികമോ ആയ ഏതൊരു വാദവും ഈ യാഥാർത്ഥ്യത്തിന് മറുപടി നൽകാൻ ബാധ്യസ്ഥമാണ്. ഇതിനെ നിഷേധിക്കുന്നത് നമ്മുടെ തന്നെ അസ്തിത്വത്തിന്റെ തുടർച്ചയെ നിഷേധിക്കുന്നതിന് തുല്യമാണ്.

ഈ പരമ്പര അവസാനിക്കുന്നത് ഒരു പൂർണ്ണമായ പരിഹാരത്തോടെയല്ല, മറിച്ച് ബോധപൂർവ്വമായ ഒരു അപൂർണ്ണതയോടെയാണ്. കഷ്ടപ്പാടുകൾ നിലനിൽക്കുന്നിടത്തോളം കാലം ചില സംഘർഷങ്ങളും നിലനിൽക്കും: സ്വയംഭരണാധികാരവും നിരപരാധിത്വവും തമ്മിൽ, നീതിയും കരുണയും തമ്മിൽ, തത്വങ്ങളും ദൗർബല്യങ്ങളും തമ്മിൽ. ധർമ്മപരമായ യുക്തി ഈ സംഘർഷങ്ങളെ ഇല്ലാതാക്കുന്നില്ല, മറിച്ച് അവയ്ക്കുള്ളിൽ സത്യസന്ധമായി ജീവിക്കാൻ നമ്മെ പഠിപ്പിക്കുന്നു. സത്യം വേദനകളെ ഇല്ലാതാക്കുന്നില്ലായിരിക്കാം, എന്നാൽ അത് വേദനകൾക്ക് അർത്ഥം നൽകുന്നു—അങ്ങനെ കേവലമായ വാദമുഖങ്ങൾക്കും അപ്പുറം വലിയൊരു ഉത്തരവാദിത്തം അത് നമ്മിൽ അർപ്പിക്കുന്നു.