സത്ത എന്നത് മുൻപുള്ള അധ്യായങ്ങളിൽ ആശയപരമായ നിയന്ത്രണമായും പിന്നീട് സുസ്ഥിരമായ പുനർനിർമ്മാണമായും വിശകലനം ചെയ്യപ്പെട്ടു. ഗ്രീക്ക് ചിന്തയുടെ വൃത്തപൂർണ്ണതയിലുള്ള ദൃഢവിശ്വാസം ആകാശചലനങ്ങളെക്കുറിച്ചുള്ള വിശദീകരണങ്ങളെ പരിമിതപ്പെടുത്തിയപ്പോൾ, അക്വീനാസിന്റെ പങ്കാളിത്ത സത്താമീമാംസ (Participatory metaphysics) ദാർശനിക സമ്മർദ്ദങ്ങളെ അതിജീവിക്കാനും ദൈവശാസ്ത്രത്തെ താൽക്കാലികമായി സുസ്ഥിരമാക്കാനും സഹായിച്ചു. ഈ രണ്ട് സന്ദർഭങ്ങളിലും സത്ത എന്നത് ആശയങ്ങളുടെ തലത്തിൽ അന്വേഷണങ്ങളെ ക്രമീകരിക്കുന്ന ചട്ടക്കൂടായിരുന്നു. എന്നാൽ ഗലീലിയോയുടെ കാലഘട്ടം സത്തയുടെ ചരിത്രത്തിൽ പുതിയൊരു വികാസത്തെ അടയാളപ്പെടുത്തുന്നു. ഇവിടെ സത്ത എന്നത് കേവലമൊരു ആശയപരമായ ഘടന മാത്രമല്ല, മറിച്ച് സ്ഥാപനവൽക്കരിക്കപ്പെട്ട ഒരു വ്യവസ്ഥ കൂടിയാണ് (Institutionally embedded structure). ഒരു ശാസ്ത്രീയ വാദം ഈ ഘടനയുടെ പുനർനിർവ്വചനം ആവശ്യപ്പെടുമ്പോൾ, അതിനെതിരെയുള്ള പ്രതിരോധം കേവലം ദാർശനികമായി ഒതുങ്ങിനിൽക്കുന്നില്ല; അത് നിയമപരവും ഭരണപരവുമായ തലങ്ങളിലേക്ക് വ്യാപിക്കുന്നു. പ്രപഞ്ചവിജ്ഞാനീയം, ദൈവശാസ്ത്രം, വിദ്യാഭ്യാസം, അധികാരം എന്നിവ പരസ്പരം ഇഴചേർന്നു കിടക്കുന്ന ഒരു വ്യവസ്ഥയ്ക്കുള്ളിൽ ഏത് തരം അറിവുകളാണ് അനുവദനീയമെന്നതായിരുന്നു ഇവിടുത്തെ പ്രധാന ചോദ്യം. ഗലീലിയോയുടെ ചരിത്രം പലപ്പോഴും ശാസ്ത്രവും മതവും തമ്മിലുള്ള പോരാട്ടമായി ലളിതവൽക്കരിക്കപ്പെടാറുണ്ട്. എന്നാൽ പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സംഭവിച്ചത് ഒരു പുതിയ ഭൗതികവാദവും സ്ഥാപനപരമായ സ്വത്വത്തിന്റെ ഭാഗമായി മാറിയ ഏകീകൃത മെറ്റാഫിസിക്കൽ ക്രമവും തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നു.
പതിനാറാം നൂറ്റാണ്ടിലെ ജിയോസെൻട്രിസം എന്നത് സഭ പെട്ടെന്ന് നിർമ്മിച്ചെടുത്ത ഒരു വിശ്വാസപ്രമാണമല്ലായിരുന്നു. അത് അരിസ്റ്റോട്ടിലിലൂടെ രൂപപ്പെടുകയും ടോളമിയിലൂടെ ഗണിതശാസ്ത്രപരമായി വികസിപ്പിക്കപ്പെടുകയും ചെയ്ത പ്രാചീന ലോകത്തിന്റെ ശാസ്ത്രീയ പൈത്വകമായിരുന്നു. ഭാരമേറിയ വസ്തുക്കൾ പ്രപഞ്ചത്തിന്റെ കേന്ദ്രത്തിലേക്ക് സ്വാഭാവികമായും ചലിക്കുന്നു എന്ന അരിസ്റ്റോട്ടിലിയൻ ഭൗതികശാസ്ത്രത്തിന്റെ യുക്തിയിലാണ് ഭൂമി കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെട്ടത്. ഓരോ മൂലകവും അതിന്റെ സ്വാഭാവിക സ്ഥാനത്തെ ലക്ഷ്യം വെക്കുന്നു എന്ന ടെലിയോളജിക്കൽ വിശദീകരണമാണ് ഇതിന് ആധാരമായിരുന്നത്. ഇത് വെറുമൊരു ജ്യോതിശാസ്ത്ര മാതൃകയല്ല, മറിച്ച് മാറ്റങ്ങൾക്ക് വിധേയമായ ഭൗതിക മണ്ഡലവും നാശരഹിതമായ ആകാശലോകവും തമ്മിലുള്ള സത്താപരമായ വിഭജനത്തെ ഉൾക്കൊള്ളുന്ന ഒരു പ്രകൃതിദർശനമായിരുന്നു. രൂപം (Form), പദാർത്ഥം (Matter), ക്രിയ (Act), ശേഷി (Potency) എന്നിവയിലൂന്നിയ ഈ മെറ്റാഫിസിക്സ് ക്രൈസ്തവ വൈജ്ഞാനിക ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞിരുന്നു. പാരീസിലെയും ബൊലോഗ്നയിലെയും സർവ്വകലാശാലകളിൽ അരിസ്റ്റോട്ടിലിയൻ പ്രകൃതിദർശനമായിരുന്നു ഭൗതിക യാഥാർത്ഥ്യത്തെക്കുറിച്ചുള്ള അടിസ്ഥാന പാഠം.² വേദപുസ്തകത്തിലെ വചനങ്ങൾ പോലും ഈ പ്രപഞ്ചവിജ്ഞാനീയത്തിന്റെ പശ്ചാത്തലത്തിലാണ് വായിക്കപ്പെട്ടത്. ഭൂമി അചഞ്ചലമാണെന്ന സങ്കല്പം അക്കാലത്ത് യുക്തിഭദ്രമായി സ്ഥാപിക്കപ്പെട്ട ഒന്നായാണ് കരുതപ്പെട്ടിരുന്നത്. അതിനാൽ 1600-കളോടെ ജിയോസെൻട്രിസം എന്നത് സാധാരണ നിരീക്ഷണങ്ങൾ, അരിസ്റ്റോട്ടിലിയൻ ഭൗതികശാസ്ത്രം, സ്കോളാസ്റ്റിക് ദൈവശാസ്ത്രം, വേദവ്യാഖ്യാനങ്ങൾ എന്നിവയാൽ ദൃഢമാക്കപ്പെട്ട ഒരു ഏകീകൃത ഘടനയായിരുന്നു.
നിക്കോളാസ് കോപ്പർനിക്കസ് തന്റെ ‘ഡി റെവല്യൂഷനിബസ്’ (1543) എന്ന കൃതിയിലൂടെ സൂര്യനെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിച്ചപ്പോൾ അത് സ്ഥാപനപരമായ ഒരു പ്രതിസന്ധി ഉടൻ സൃഷ്ടിച്ചില്ല. കോപ്പർനിക്കസ് ഹീലിയോസെൻട്രിസത്തെ അവതരിപ്പിച്ചത് ഗ്രഹചലനങ്ങളെ കണക്കാക്കാനുള്ള ഗണിതശാസ്ത്രപരമായ ഒരു മെച്ചപ്പെട്ട സംവിധാനമായാണ്. യഥാർത്ഥത്തിലുള്ള ഒരു ഭൗതിക വിവരണത്തേക്കാൾ ഉപരിയായി, കണക്കുകൂട്ടലുകൾക്കുള്ള ഒരു ഉപാധിയായാണ് (Computational device) ഈ മാതൃക ദശകങ്ങളോളം വീക്ഷിക്കപ്പെട്ടത്.⁴ ടൈക്കോ ബ്രാഹെയുടെ ജിയോ-ഹീലിയോസെൻട്രിക് സംവിധാനം ഭൂമിയുടെ നിശ്ചലാവസ്ഥ നിലനിർത്തിക്കൊണ്ടുതന്നെ പുതിയ നിരീക്ഷണങ്ങളെ ഉൾക്കൊള്ളാൻ സഹായിച്ചു. ഹീലിയോസെൻട്രിസം കേവലം ഒരു ഗണിതശാസ്ത്ര മാതൃകയായി തുടരുന്നിടത്തോളം കാലം അത് സത്താപരമായ പുനർനിർവ്വചനം ആവശ്യപ്പെട്ടിരുന്നില്ല. എന്നാൽ ഗലീലിയോയുടെ ടെലിസ്കോപ്പിക് നിരീക്ഷണങ്ങൾ ഈ സംവാദത്തിന്റെ ഗതി മാറ്റി. ചന്ദ്രനിലെ പർവ്വതങ്ങളും വ്യാഴത്തിന്റെ ഉപഗ്രഹങ്ങളും ആകാശലോകം മാറ്റമില്ലാത്തതാണെന്ന വാദത്തെ തകർത്തു. ശുക്രന്റെ (Venus) വിവിധ ഘട്ടങ്ങളെക്കുറിച്ചുള്ള നിരീക്ഷണങ്ങൾ ടോളമിയുടെ ജിയോസെൻട്രിസവുമായി പൊരുത്തപ്പെടാത്തവയായിരുന്നു.
ഗലീലിയോയുടെ പരിഷ്കരണങ്ങൾ ഭാഗികമായിരുന്നു എന്നത് ശ്രദ്ധേയമാണ്. അദ്ദേഹം സൂര്യകേന്ദ്രീകൃതവാദം ഉയർത്തിപ്പിടിച്ചെങ്കിലും 1609-ൽ പ്രസിദ്ധീകരിച്ച കെപ്ലറുടെ ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥങ്ങളെ അംഗീകരിച്ചില്ല. വൃത്തപ്പകിട്ടിനോടുള്ള ആ പഴയ സൗന്ദര്യാത്മകവും മെറ്റാഫിസിക്കൽതുമായ ആഭിമുഖ്യം ഉപേക്ഷിക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല. അദ്ദേഹം തന്റെ 1632-ലെ ‘ഡയലോഗിൽ’ വൃത്തചലനത്തെ പ്രപഞ്ചത്തിന്റെ സ്വാഭാവിക ക്രമമായി തുടർന്നും പരിഗണിച്ചു. സത്താപരമായ പരിഷ്കരണങ്ങൾ അസമമായിട്ടാണ് സംഭവിക്കുന്നത് എന്നതിന് ഇതൊരു ഉദാഹരണമാണ്. അതിന്റെ വക്താക്കൾ പോലും പഴയ മെറ്റാഫിസിക്കൽ ചട്ടക്കൂടിന്റെ ഭാഗങ്ങൾ പേറുന്നു.
ഇത്തരത്തിലുള്ള നിരീക്ഷണങ്ങളേക്കാൾ ഉപരിയായി ഗലീലിയോ മുന്നോട്ടുവെച്ച സത്താപരമായ അവകാശവാദമാണ് വിരോധത്തിന് കാരണമായത്. ഹീലിയോസെൻട്രിസം എന്നത് വെറുമൊരു മാതൃകയല്ല, മറിച്ച് ഭൗതികമായ യാഥാർത്ഥ്യമാണെന്ന് അദ്ദേഹം വാദിച്ചു. 1615-ൽ ഗ്രാൻഡ് ഡച്ചസ് ക്രിസ്റ്റീനയ്ക്ക് എഴുതിയ കത്തിൽ വേദവ്യാഖ്യാനങ്ങളെക്കുറിച്ചുള്ള തന്റെ നിലപാട് അദ്ദേഹം വ്യക്തമാക്കി. സ്വർഗ്ഗത്തിലേക്ക് എങ്ങനെ പോകാം എന്നാണ് വേദപുസ്തകം പഠിപ്പിക്കുന്നത്, അല്ലാതെ സ്വർഗ്ഗം എങ്ങനെ പോകുന്നു എന്നല്ല എന്ന് അദ്ദേഹം വാദിച്ചു. പ്രകൃതിയിലെ ഭൗതിക സത്യങ്ങൾ തെളിയിക്കപ്പെട്ടു കഴിഞ്ഞാൽ വേദവാക്യങ്ങൾ അതിനനുസരിച്ച് വ്യാഖ്യാനിക്കപ്പെടണം എന്ന അദ്ദേഹത്തിന്റെ വാദം വൈജ്ഞാനികമായ അധികാരശ്രേണിയെ സ്പർശിക്കുന്നതായിരുന്നു.⁶ ഭൂമി ചലിക്കുന്നു എന്ന് അംഗീകരിച്ചാൽ അരിസ്റ്റോട്ടിലിയൻ ഭൗതികശാസ്ത്രം പുനർനിർമ്മിക്കേണ്ടി വരും; അത് വേദവ്യാഖ്യാനങ്ങളുടെ മാറ്റത്തിനും അതുവഴി വ്യാഖ്യാനപരമായ അധികാരത്തിന്റെ സ്ഥാനചലനത്തിനും കാരണമാകും.
ഈ പശ്ചാത്തലത്തിലാണ് ഇൻഡെക്സ് കോൺഗ്രിഗേഷന്റെ 1616-ലെ സൂര്യൻ പ്രപഞ്ചത്തിന്റെ കേന്ദ്രമാണെന്നും അത് ചലിക്കുന്നില്ലെന്നുമുള്ള വാദം ദർശനപരമായി അസംബന്ധവും ദൈവശാസ്ത്രപരമായി പിഴവുമാണെന്ന ഉത്തരവ് പുറത്തുവരുന്നത്.⁷ ഗലീലിയോയോട് ഈ വാദത്തെ ഭൗതിക സത്യമായി ഉയർത്തിപ്പിടിക്കരുത് എന്ന് നിർദ്ദേശിക്കപ്പെട്ടു. ഇവിടെ വിലക്കപ്പെട്ടത് ജ്യോതിശാസ്ത്രപരമായ കണക്കുകൂട്ടലുകളെയല്ല, മറിച്ച് സത്താപരമായ പ്രഖ്യാപനങ്ങളെയായിരുന്നു.
1633-ലെ വിചാരണ ഗലീലിയോയുടെ ‘ഡയലോഗ്’ എന്ന കൃതിയെത്തുടർന്നായിരുന്നു. ഹീലിയോസെൻട്രിസത്തെ മുൻപത്തെ വിലക്കുകൾ മറികടന്ന് ഉയർത്തിപ്പിടിച്ചു എന്നതായിരുന്നു കുറ്റം. ഗലീലിയോ കുറ്റക്കാരനായി കണ്ടെത്തപ്പെടുകയും വീട്ടുതടങ്കലിലാക്കപ്പെടുകയും ചെയ്തു. ഈ വിചാരണയെ കേവലം മെറ്റാഫിസിക്സിന്റെ തലത്തിൽ മാത്രം ഒതുക്കി കാണാൻ കഴിയില്ല. മുപ്പതുവർഷ യുദ്ധകാലത്തെ രാഷ്ട്രീയ സാഹചര്യങ്ങളും പ്രൊട്ടസ്റ്റന്റ് നവോത്ഥാനത്തിന് ശേഷമുള്ള വൈദികാധികാരത്തിന്റെ മേലുണ്ടായ സമ്മർദ്ദങ്ങളും ഇതിൽ പങ്കുവഹിച്ചിട്ടുണ്ട്. എങ്കിലും ഈ സാഹചര്യങ്ങൾ പ്രവർത്തിച്ചത് ആഴത്തിലുള്ള ഒരു ഘടനാപരമായ സംഘർഷത്തിനുള്ളിലായിരുന്നു. സഭ സംരക്ഷിക്കാൻ ശ്രമിച്ചത് കേവലം വേദവാക്യങ്ങളുടെ അധികാരത്തെ മാത്രമല്ല, മറിച്ച് ദൈവശാസ്ത്രവും പ്രകൃതിദർശനവും വിദ്യാഭ്യാസവും ഒത്തുചേരുന്ന ഒരു ഏകീകൃത പ്രപഞ്ചക്രമത്തെയായിരുന്നു. സ്ഥാപനപരമായ ഈ എൻഫോഴ്സ്മെന്റ് നടന്നത് പ്രസിദ്ധീകരണങ്ങളുടെ നിയന്ത്രണം, ഔദ്യോഗികമായ വിലക്കുകൾ, വിചാരണാ നടപടികൾ എന്നിവയിലൂടെയായിരുന്നു.
ഗലീലിയോയുടെ കാലത്ത് ഹീലിയോസെൻട്രിസത്തിന് നിരീക്ഷണങ്ങളുടെ പിൻബലമുണ്ടായിരുന്നെങ്കിലും, അതിനെ താങ്ങിനിർത്താൻ കഴിയുന്ന ഒരു സമഗ്രമായ ഭൗതികശാസ്ത്ര ചട്ടക്കൂട് രൂപപ്പെട്ടിരുന്നില്ല എന്നതാണ് വസ്തുത. ന്യൂട്ടന്റെ ‘പ്രിൻസിപ്പിയ’ (1687) ഗ്രഹചലനങ്ങൾക്ക് ഒരു ഡൈനാമിക്കൽ വിശദീകരണം നൽകുകയും ഹീലിയോസെൻട്രിസത്തെ ഒരു ഏകീകൃത ബലതന്ത്ര സിദ്ധാന്തവുമായി ബന്ധിപ്പിക്കുകയും ചെയ്തതോടെയാണ് ഈ വൈജ്ഞാനിക വിടവ് നികത്തപ്പെട്ടത്. നിലവിലുള്ള സത്തയ്ക്ക് പകരം വെക്കാൻ സുദൃഢമായ മറ്റൊരു ചട്ടക്കൂട് ലഭ്യമാകുമ്പോഴാണ് സ്ഥാപനങ്ങൾ സത്താപരമായ പുനർനിർവ്വചനങ്ങളെ ഉൾക്കൊള്ളാൻ തയ്യാറാകുന്നത്. ഗലീലിയോയുടെ സംഭവം ഒരു സവിശേഷമായ ഘടനാപരമായ മാതൃകയെ വെളിപ്പെടുത്തുന്നു. സത്താപരമായ പ്രതിബദ്ധതകൾ സ്ഥാപനപരമായ സ്വത്വത്തിന്റെയും അധികാരത്തിന്റെയും ഭാഗമായി മാറുമ്പോൾ, അവയെ വെല്ലുവിളിക്കുന്ന ശാസ്ത്രീയ വാദങ്ങൾ കടുത്ത പ്രതിരോധങ്ങളെ നേരിടേണ്ടി വരും. ഇത് വിശ്വാസവും യുക്തിയും തമ്മിലുള്ള ലളിതമായ മത്സരമല്ല, മറിച്ച് മെറ്റാഫിസിക്കൽ ക്രമത്തെക്കുറിച്ചുള്ള വലിയൊരു സംവാദമാണ്.
References
- Aristotle, On the Heavens.
- Edward Grant, The Foundations of Modern Science in the Middle Ages (Cambridge University Press, 1996).
- Augustine, The Literal Meaning of Genesis.
- Nicolaus Copernicus, De revolutionibus orbium coelestium (1543).
- Galileo Galilei, Sidereus Nuncius (1610).
- Galileo Galilei, “Letter to the Grand Duchess Christina” (1615).
- Decree of the Congregation of the Index (1616).
- Trial of Galileo (1633), Roman Inquisition records.