അന്വേഷണങ്ങൾ ശൂന്യതയിൽ നിന്നല്ല ആരംഭിക്കുന്നത്. നിലനിൽക്കുന്ന യാഥാർത്ഥ്യങ്ങളെക്കുറിച്ചും സ്വീകാര്യമായ വിശദീകരണങ്ങളെക്കുറിച്ചുമുള്ള മുൻധാരണകളിലൂന്നിയാണ് ഏത് പഠനവും മുന്നോട്ട് പോകുന്നത്. ഈ സങ്കല്പങ്ങൾ പലപ്പോഴും പ്രകടമായി പ്രസ്താവിക്കപ്പെടാറില്ലെങ്കിലും, ഏതൊക്കെ ചോദ്യങ്ങൾ ചോദിക്കാമെന്നും ഏതൊക്കെ ഉത്തരങ്ങൾ സ്വീകാര്യമാകുമെന്നും ഇവ നിശ്ശബ്ദമായി നിശ്ചയിക്കുന്നു. വിജ്ഞാന വികാസത്തിൽ ഇത്തരം മുൻധാരണകൾ എപ്രകാരം ഘടനാപരമായ സ്വാധീനം ചെലുത്തുന്നു എന്ന് ഈ പ്രബന്ധം വ്യക്തമാക്കുന്നു.

ഈ വിശകലനത്തിന് തോമസ് കുണിന്റെ ‘സയന്റിഫിക് പാരഡൈം’ (Scientific Paradigm) എന്ന സങ്കല്പത്തോട് സാമ്യമുണ്ട്. ഒരു വൈജ്ഞാനിക സമൂഹത്തിനുള്ളിലെ പൊതുവായ ബോധ്യങ്ങൾ എപ്രകാരമാണ് നിയമാനുസൃതമായ പ്രശ്നങ്ങളെയും സ്വീകാര്യമായ പരിഹാരങ്ങളെയും നിർണ്ണയിക്കുന്നത് എന്ന് കൂൻ നിരീക്ഷിച്ചിട്ടുണ്ട്. എന്നാൽ ഈ പഠനപരമ്പരയുടെ ലക്ഷ്യം കൂടുതൽ സൂക്ഷ്മാണ്. പാരഡൈമുകളെ ശാസ്ത്രത്തിന്റെ സർവ്വതലസ്പർശിയായ ചട്ടക്കൂടുകളായി [Total scientific matrices] വിശകലനം ചെയ്യുന്നതിന് പകരം, മതപരവും ദാർശനികവും പ്രത്യയശാസ്ത്രപരവുമായ വ്യവസ്ഥകളിലുടനീളം ഒരുപോലെ പ്രവർത്തിക്കുന്ന സത്താധിഷ്‌ഠിതമായ [Ontological] പ്രതിബദ്ധതകളെ സവിശേഷമായ ഘടനാപരമായ ഘടകങ്ങളായി വേർതിരിച്ച് കാണാനാണ് ഇവിടെ ശ്രമിക്കുന്നത്.

യാഥാർത്ഥ്യത്തിന്റെ സ്വരൂപം [Essence] എങ്ങനെ ക്രമീകരിക്കപ്പെട്ടിരിക്കുന്നു എന്നതിനെക്കുറിച്ചുള്ള ആധാരശിലകളായ പ്രതിബദ്ധതകളുടെ സമാഹാരത്തെയാണ് ഇവിടെ സത്ത എന്ന് വിവക്ഷിക്കുന്നത്. സത്താപരമായ പ്രതിബദ്ധത എന്നത് കേവലമൊരു വ്യക്തിഗത വിശ്വാസമല്ല; മറിച്ച് അത് അസ്തിത്വത്തെക്കുറിച്ചുള്ള വ്യവസ്ഥാപിതമായ ഒരു നിലപാടാണ്. ഏതൊക്കെ സംഗതികൾ നിലനിൽക്കുന്നു, പദാർത്ഥങ്ങളുടെ അടിസ്ഥാന ഗുണങ്ങൾ ഏവ, അവ തമ്മിലുള്ള ബന്ധം എപ്രകാരമാണ് എന്നൊക്കെ ഇത് നിർവ്വചിക്കുന്നു. ദൈവികമായ കരുതലിലോ, ഭൗതികമായ നിയതിവാദത്തിലോ, യുക്തിഭദ്രമായ പ്രപഞ്ചക്രമത്തിലോ ഒക്കെയുള്ള ഉറച്ച ബോധ്യങ്ങൾ ഒരു സമൂഹത്തിനുള്ളിൽ യാഥാർത്ഥ്യത്തെയും യുക്തിയെയും നിർണ്ണയിക്കുന്ന സത്താപരമായ ധർമ്മമാണ് നിർവ്വഹിക്കുന്നത്. ഈ അർത്ഥത്തിൽ, സത്ത എന്നത് രീതിശാസ്ത്രത്തിൽ നിന്ന് രൂപപ്പെടുന്നതല്ല, മറിച്ച് രീതിശാസ്ത്രം തന്നെ സത്തയെ മുൻകൂട്ടി വിഭാവനം ചെയ്യുന്നു. താൻ അന്വേഷിക്കുന്ന ലോകം എങ്ങനെയുള്ളതാണെന്ന മുൻധാരണയില്ലാതെ ലോകത്തെക്കുറിച്ച് പഠിക്കാനുള്ള ഒരു പ്രക്രിയയും ആർക്കും രൂപകല്പന ചെയ്യാനാവില്ല.

സത്ത എങ്ങനെ അന്വേഷണത്തെ രൂപപ്പെടുത്തുന്നു എന്ന് മനസ്സിലാക്കാൻ ബൗദ്ധിക വിചാര പരിസരം [Intellectual search space] എന്ന സങ്കല്പം സഹായിക്കും. കമ്പ്യൂട്ടേഷണൽ മേഖലകളിൽ ഒരു നിശ്ചിത പരിധിക്കുള്ളിൽ ലഭ്യമായ പരിഹാരമാർഗ്ഗങ്ങളെയാണ് സെർച്ച് സ്പേസ് എന്ന് വിളിക്കുന്നത്. സമാനമായ ഒന്നാണ് ബൗദ്ധിക ജീവിതത്തിലും സംഭവിക്കുന്നത്. ഓരോ കാലഘട്ടത്തിലും ഒരു വൈജ്ഞാനിക സമൂഹം ചോദ്യങ്ങളുടെയും അനുമാനങ്ങളുടെയും വിശദീകരണ രീതികളുടെയും ഒരു നിശ്ചിത വൃത്തത്തിനുള്ളിലാണ് പ്രവർത്തിക്കുന്നത്. ചില ചോദ്യങ്ങൾ അർത്ഥവത്തായി തോന്നുമ്പോൾ മറ്റു ചിലവ അവിടെ ഉദിക്കുന്നതേയില്ല. തെളിവുകൾ പരിശോധിക്കുന്നതിന് മുൻപുതന്നെ ചില വിശദീകരണങ്ങൾ യുക്തിരഹിതമെന്ന് പറഞ്ഞ് തള്ളപ്പെടുന്നു. ഇത്തരം അതിരുകൾ യാദൃശ്ചികമല്ല; അവ യാഥാർത്ഥ്യത്തെക്കുറിച്ചുള്ള മുൻപഠിതമായ ബോധ്യങ്ങളാൽ നിർമ്മിതമാണ്.

സത്താപരമായ പ്രതിബദ്ധത പല രീതികളിൽ ഈ വിചാര പരിസരത്തെ രൂപപ്പെടുത്തുന്നു. ചിലപ്പോൾ അത് നേരിട്ട് പ്രതിസന്ധികൾ സൃഷ്ടിക്കുന്നു. നിലവിലുള്ള ഉപകരണങ്ങൾ കൊണ്ട് പരിഹരിക്കാനാവാത്ത അടിയന്തരമായ ബാധ്യതകൾ ഒരു സത്താപരമായ അടിസ്ഥാന ബോധ്യം വഴി രൂപപ്പെട്ടേക്കാം. അവിടെ പൊരുത്തക്കേടുകൾ പരിഹരിക്കുക എന്നത് വെറുമൊരു താല്പര്യമല്ല, മറിച്ച് ഒരു അനിവാര്യതയായി മാറുന്നു. ഇതിന്റെ ഫലമായാണ് പുതിയ ഔപചാരികമായ [Formal innovation] കണ്ടെത്തലുകൾ ഉണ്ടാകുന്നത്. ഇത്തരം വികാസങ്ങൾ വെറുമൊരു ജിജ്ഞാസയിൽ നിന്നല്ല, മറിച്ച് പ്രായോഗികമായ അറിവിനെ അടിസ്ഥാന ബോധ്യങ്ങളുമായി സമന്വയിപ്പിക്കാനുള്ള സമ്മർദ്ദത്തിൽ നിന്നാണ് ഉദയം കൊള്ളുന്നത്.

മറ്റു ചിലപ്പോൾ സത്ത പ്രവർത്തിക്കുന്നത് ബോധപൂർവ്വമായ ലക്ഷ്യങ്ങളിലൂടെയാണ്. ചിന്തകർ തങ്ങളുടെ അടിസ്ഥാന ബോധ്യങ്ങളെ വ്യക്തമാക്കാനോ സംരക്ഷിക്കാനോ ബോധപൂർവ്വം ശ്രമിക്കാറുണ്ട്. ഗണിതശാസ്ത്ര വ്യവസ്ഥകളോ ദാർശനിക വാദങ്ങളോ ശാസ്ത്രീയ ചട്ടക്കൂടുകളോ വികസിപ്പിക്കുന്നത് ആഴത്തിലുള്ള തലത്തിൽ സത്യമെന്ന് തങ്ങൾ വിശ്വസിക്കുന്ന കാര്യങ്ങളെ പ്രകടിപ്പിക്കാനായിരിക്കും. ഇവിടെ സത്ത ഒരു ദിശാസൂചിയായി വർത്തിക്കുന്നു; അത് ഒരു പ്രതിസന്ധി അടിച്ചേൽപ്പിക്കുന്നില്ലെങ്കിലും അന്വേഷണത്തിന്റെ ദിശ നിർണ്ണയിക്കുന്നു.

മൂന്നാമത്തെ രീതി അല്പം കൂടി പരോക്ഷമാണ്. ഒരു സത്താപരമായ ചട്ടക്കൂട് ചില അമൂർത്തമായ സങ്കല്പങ്ങൾക്ക് ക്ഷമത നൽകുന്നു. യുക്തിഹീനമെന്ന് തോന്നാത്ത വിധത്തിൽ ചില പ്രത്യേക ചോദ്യങ്ങൾ പിന്തുടരാൻ കഴിയുന്ന ഒരു ആശയപരമായ അന്തരീക്ഷം ഇത് സൃഷ്ടിക്കുന്നു. ഇതിലൂടെ പുതിയ ചിന്താരീതികളെ സാദ്ധ്യമാക്കിക്കൊണ്ട് സത്ത വിചാര പരിസരത്തെ വികസിപ്പിക്കുന്നു.

എങ്കിലും സത്താപരമായ പ്രതിബദ്ധതകൾ വിചാരമണ്ഡലത്തെ വികസിപ്പിക്കുക മാത്രമല്ല ചെയ്യുന്നത്; അവ അതിരുകൾ നിശ്ചയിക്കുകയും ചെയ്യുന്നു. അടിസ്ഥാനപരമായ ഘടനാപരമായ അനുമാനങ്ങളോട് പൊരുത്തപ്പെടാത്തതിനാൽ ചില അനുമാനങ്ങൾ നിരാകരിക്കപ്പെടുന്നു. ചില വ്യാഖ്യാനങ്ങൾ അവ എത്രത്തോളം കാര്യക്ഷമമാണെങ്കിലും അസ്വീകാര്യമായി കണക്കാക്കപ്പെടുന്നു. ഔദ്യോഗിക സ്ഥാപനങ്ങൾ ഇത്തരം അതിരുകൾ കർക്കശമായി നടപ്പിലാക്കിയേക്കാം, എന്നാൽ സ്ഥാപനവൽക്കരിക്കപ്പെടുന്നതിന് മുൻപേ ഈ അതിരുകൾ ആശയപരമായി നിലനിൽക്കുന്നുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ സത്ത വിചാരപരിസരം പരിമിതപ്പെടുത്തുന്നു. ഇത് മാറ്റങ്ങളെ മന്ദഗതിയിലാക്കുകയോ അന്വേഷണത്തെ മറ്റ് വഴികളിലേക്ക് തിരിച്ചുവിടുകയോ നിലവിലുള്ള പരിധികൾക്കുള്ളിൽ വികസനത്തെ തീവ്രമാക്കുകയോ ചെയ്യുന്നു.

സർഗ്ഗാത്മകവും നിയന്ത്രണാത്മകവുമായ ഈ ധർമ്മങ്ങളെ ധാർമ്മികമായ അർത്ഥത്തിൽ പരസ്പരവിരുദ്ധമായി കാണുന്നത് ശരിയല്ല. ഒരു സാഹചര്യത്തിൽ നവീകരണത്തിന് കാരണമാകുന്ന അതേ ഘടന തന്നെ മറ്റൊരു സാഹചര്യത്തിൽ മാറ്റങ്ങളെ പ്രതിരോധിച്ചേക്കാം. ബൃഹത്തായ പ്രതിബദ്ധതകൾ ബൗദ്ധികമായ പ്രയത്നങ്ങളെ ഏകോപിപ്പിക്കുകയാണ് ചെയ്യുന്നത്. അനിവാര്യത, പൊരുത്തം, സ്വീകാര്യത എന്നിവയെ അവ നിർവ്വചിക്കുന്നു. ഇതിന്റെ ഫലം പുരോഗതിയാണോ തടസ്സമാണോ എന്നത് ചരിത്രപരമായ സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കും.

അന്വേഷണത്തിന്റെ വേഗതയെയും സത്ത സ്വാധീനിക്കുന്നു. ഒരു അടിസ്ഥാന ബോധ്യം ധാർമ്മികമായോ നിയമപരമായോ ആശയപരമായോ ഒരു പ്രശ്നത്തെ അടിയന്തരമായി പരിഹരിക്കേണ്ട ഒന്നാക്കി മാറ്റുമ്പോൾ വികസനത്തിന് വേഗത കൂടുന്നു. എന്നാൽ ചില മാറ്റങ്ങൾ അസ്വീകാര്യമായി കാണപ്പെടുമ്പോൾ വികാസം മന്ദഗതിയിലാകുന്നു. ചിലപ്പോൾ നിയന്ത്രണങ്ങൾ വികാസത്തെ പൂർണ്ണമായും തടയുന്നതിന് പകരം പുതിയ സാങ്കേതിക പാതകളിലേക്ക് വഴിതിരിച്ചുവിടുന്നു.

ചുരുക്കത്തിൽ അന്വേഷണത്തിന്റെ ദിശയെ മാത്രമല്ല, അതിന്റെ സാന്ദ്രതയെയും വേഗതയെയും സത്താപരമായ പ്രതിബദ്ധതകൾ നിർണ്ണയിക്കുന്നു. അതുകൊണ്ട് തന്നെ, ഉയർന്ന തലത്തിലുള്ള സത്താപരമായ പ്രതിബദ്ധതകൾ വിചാരപരിസരത്തെ രൂപപ്പെടുത്തുന്നു എന്ന വാദത്തിന് പ്രസക്തിയേറുന്നു. ഏതൊക്കെ ചോദ്യങ്ങൾ അടിയന്തരമാണ്, ഏത് ഉത്തരങ്ങൾ സ്വീകാര്യമാണ്, ഏത് ആശയപരമായ ഉപകരണങ്ങൾ വികസിപ്പിക്കണം എന്നതിനെയെല്ലാം ഇവ സ്വാധീനിക്കുന്നു. പ്രശ്നങ്ങൾ സൃഷ്ടിക്കാനോ ആശയങ്ങളെ വ്യക്തമാക്കാനോ പുതിയ വിചാരയിടങ്ങൾ ഒരുക്കാനോ പരിധികൾ നിശ്ചയിക്കാനോ ഇവയ്ക്ക് കഴിയും. എല്ലാ സാഹചര്യങ്ങളിലും ഇവ കാര്യകാരണബന്ധങ്ങളിൽ സജീവമായ [Causally operative] ശക്തികളാണ്. തുടർന്നുള്ള പ്രബന്ധങ്ങളിൽ ഇത്തരം പ്രതിബദ്ധതകൾ വിജ്ഞാനത്തിന്റെ സഞ്ചാരപഥത്തെ എങ്ങനെ മാറ്റിമറിച്ചു എന്നതിന്റെ ചരിത്രപരമായ ദൃഷ്ടാന്തങ്ങൾ പരിശോധിക്കുന്നു. ഇവിടെ സത്ത എന്നത് അലങ്കാരമല്ല, മറിച്ച് ജ്ഞാനനിർമ്മിതിയുടെ ആധാരശിലയാണ് [Architectonic].