ചില ചലച്ചിത്രങ്ങൾ കാലാതീതമായി നിലകൊള്ളുന്നു. അവ അസ്വസ്ഥമാക്കിയത് ഉള്ളിലെ എളുപ്പത്തിൽ ശാന്തമാകാത്ത ഏതോ ഒന്നിനെയായിരുന്നു. ദൃശ്യവിസ്മയങ്ങളോ വൈകാരികതയോ അല്ല അവയെ നിലനിർത്തുന്നത്. ‘എ ഹിഡൻ ലൈഫ്’, ‘എ മാൻ ഫോർ ഓൾ സീസൺസ്’, ‘ദ മിഷൻ’, ‘സൈലൻസ്’, ‘ഓ ഹസാർഡ് ബൽത്താസർ’, ‘ദ സാക്രിഫൈസ്’ എന്നിവ ഈ ഗണത്തിൽപ്പെടുന്നു. വ്യത്യസ്തമായ പശ്ചാത്തലങ്ങളിലും ശൈലികളിലുമാണ് ഇവ നിലകൊള്ളുന്നതെങ്കിലും, ദൃശ്യമായ യാതൊരു പ്രതിഫലവുമില്ലാത്ത വിശ്വസ്തത എന്ന പ്രമേയത്തെയാണ് അവയെല്ലാം കേന്ദ്രീകരിക്കുന്നത്.
ടെറൻസ് മാലിക്കിന്റെ ‘എ ഹിഡൻ ലൈഫി’ൽ ഫ്രാൻസ് ജാഗർസ്റ്റാറ്റർ ഹിറ്റ്‌ലറോട് വിധേയത്വം പ്രഖ്യാപിക്കാൻ വിസമ്മതിക്കുന്നു. അവിടെ ധാർമ്മികമായ വേർതിരിവ് വ്യക്തമാണ്. തന്റെ നിലപാടിന്റെ പരിണതഫലങ്ങൾ അയാൾ സ്വീകരിക്കുന്നു. സൽപ്പേര്, സ്വാതന്ത്ര്യം, ജീവൻ എന്നിവ നഷ്ടപ്പെടുമ്പോഴും അയാളുടെ ആന്തരികമായ സമ്മതി അക്ഷതമായി നിലകൊള്ളുന്നു. വീരത്വത്തിന്റെ നാടകീയതയല്ല, മറിച്ച് അചഞ്ചലമായ ഒരുതരം നിലനിൽപ്പാണ് ഇവിടെ ദർശിക്കാനാവുന്നത്. അയാളുടെ ആ വിസമ്മതം ബൈബിളിലെ അഷ്ടസൗഭാഗ്യങ്ങളെയാണ് അനുസ്മരിപ്പിക്കുന്നത്—നീതിക്ക് വേണ്ടി പീഡിപ്പിക്കപ്പെടുന്നവർ, സ്വന്തം കാലഘട്ടത്തിലെ അധികാരശക്തികളാൽ അംഗീകരിക്കപ്പെടാത്ത വിശ്വസ്തർ എന്നിവരെക്കുറിച്ചുള്ള ഭാഷ അവിടെയുണ്ട്. ധന്യത എന്നത് ഇവിടെ നിലനിൽക്കുന്നുണ്ടെങ്കിൽ അത് പരസ്യമായ ഒന്നല്ല.
‘എ മാൻ ഫോർ ഓൾ സീസൺസ്’ എന്ന സിനിമയിലും സമാനമായ ഒരു വ്യക്തത കാണാം. തോമസ് മോർ കലാപം നടത്തുന്നില്ല, മറിച്ച് വിസമ്മതിക്കുകയാണ് ചെയ്യുന്നത്. അയാളുടെ പ്രതിരോധം നിയമപരവും ഭാഷാപരവുമാണ്. സ്വന്തം നിലനിൽപ്പിന് വേണ്ടി വാക്കുകളെ വളച്ചൊടിക്കാൻ അയാൾ തയ്യാറല്ല. നാടകീയമായ ഒരു കാഴ്ചയെന്നതിലുപരി തന്റെ നിലപാടുകളിലെ പൊരുത്തം കാരണമാണ് അയാൾ വധിക്കപ്പെടുന്നത്. അവിടെ വേറിട്ടുനിൽക്കുന്നത് വെല്ലുവിളിയല്ല, മറിച്ച് തന്റെ സത്യങ്ങളോടുള്ള വിശ്വസ്തതയാണ്. ശരീരം വിട്ടുകൊടുക്കുമ്പോഴും മനസ്സാക്ഷിയെ അയാൾ സംരക്ഷിക്കുന്നു.
റോളണ്ട് ജോഫിയുടെ ‘ദ മിഷനിൽ’ കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാണ്. സഭയും സാമ്രാജ്യത്വവും തമ്മിലുള്ള രാഷ്ട്രീയ മത്സരങ്ങൾക്കിടയിലാണ് ജെസ്യൂട്ട് മിഷനുകൾ പ്രവർത്തിക്കുന്നത്. രാഷ്ട്രീയ ഒത്തുതീർപ്പുകൾ മിഷണറിമാരുടെ ബോധ്യങ്ങളെ സമ്മർദ്ദത്തിലാക്കുന്നു. ഈ സംഘർഷത്തിനിടയിൽ വിശ്വസ്തത പല രൂപങ്ങളായി വിഭജിക്കപ്പെടുന്നു. ഫാദർ ഗബ്രിയേൽ അഹിംസയെ പുൽകുന്നു, മെൻഡോസ ആയുധമെടുത്തുള്ള പോരാട്ടം സ്വീകരിക്കുന്നു. രണ്ടുപേരും ഒരേ വിശ്വാസത്തിനുവേണ്ടി നിലകൊള്ളുകയും ഒടുവിൽ നശിപ്പിക്കപ്പെടുകയും ചെയ്യുന്നു. അവരുടെ തിരഞ്ഞെടുപ്പ് കൊളോണിയൽ അക്രമത്തിന് എതിരെ മാത്രമല്ല, മറിച്ച് അധികാരത്തോട് ചേർന്നുനിൽക്കുന്ന സഭ ആവശ്യപ്പെടുന്ന ഒത്തുതീർപ്പുകൾക്ക് എതിരെ കൂടിയാണ്. സഭ തന്നെ താൻ എതിർക്കേണ്ട ഘടനകളുടെ ഭാഗമാകുമ്പോൾ വിശ്വസ്തത എങ്ങനെ അതിജീവിക്കുന്നു എന്ന ചോദ്യം ഇവിടെ ഉയരുന്നു.
സ്കോർസേസിയുടെ ‘സൈലൻസ്’ ഈ സംഘർഷത്തെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നു. റോഡ്രിഗസ് വലിയ പീഡനങ്ങൾ സഹിക്കുന്നു. അയാൾ രക്തസാക്ഷിത്വത്തിന് സജ്ജനുമായിരുന്നു. പക്ഷേ, തന്റെ പേരിൽ മറ്റുള്ളവർ അനുഭവിക്കുന്ന ക്രൂരതകളെ നേരിടാൻ അയാൾക്ക് സാധിക്കുന്നില്ല. അയാൾ ‘ഫുമി’യിൽ ചവിട്ടുമ്പോൾ അതൊരു പരാജയമായി തോന്നാം. എന്നാൽ മുന്നോട്ട് വരാൻ പ്രേരിപ്പിക്കുന്ന ആ ശബ്ദം ആ നിമിഷത്തെ ഒരു നിഷേധമായല്ല, മറിച്ച് സ്വയമുള്ള ഒരു താഴ്ന്നിറങ്ങലായാണ് (descent) പുനർനിർവ്വചിക്കുന്നത്. ഒരു തത്വത്തിന് വേണ്ടി കഷ്ടപ്പാടുകൾ സഹിക്കുന്നതും, തന്റെ വ്യക്തിത്വം കെട്ടിപ്പടുത്തിരിക്കുന്ന അതേ തത്വം ഉപേക്ഷിക്കുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്. പാപികളുടെ കൂട്ടത്തിൽ എണ്ണപ്പെടാൻ തയ്യാറാവുക എന്നത് ആഴത്തിലുള്ള ഒരു മുറിവാണ്. ഈ പ്രവർത്തി വിശ്വസ്തതയാണോ പരാജയമാണോ എന്നത് അനിശ്ചിതമായി തുടരുന്നു. സിനിമ ഇതിന് യാതൊരു തരത്തിലുള്ള പരസ്യമായ നീതീകരണവും നൽകുന്നില്ല; ആ സന്ദിഗ്ദ്ധത അവിടെ ബാക്കിയാകുന്നു. പക്ഷെ മഹത്വം ത്യജിച്ച, സ്വയം ശൂന്യവത്കരിച്ച, പാപികളുടെ കൂടെ എണ്ണപ്പെട്ട ക്രിസ്തുവിനെ റോഡ്രിഗസ് അനുസ്മരിപ്പിക്കുന്നു.
റോബർട്ട് ബ്രസ്സന്റെ ‘ഓ ഹസാർഡ് ബൽത്താസറി’ൽ തീരുമാനങ്ങളുടെ ഭാഷ പോലും പിൻവാങ്ങുന്നു. ഉണ്ണിയേശുവിനെ സന്ദർശിച്ച രാജാക്കന്മാരിലൊരാളായ ബൽത്താസറുടെ പേര് വഹിക്കുന്ന ആ കഴുത, ക്രിസ്തുവിന്റെ സഹനങ്ങളെ നേരിട്ട് ഓർമ്മിപ്പിച്ചു. ബൽത്താസർ സമർപ്പിച്ച മീറ സഹനത്തിന്റെ അടയാളമാണെന്ന ബിബ്ലിക്കൽ സൂചകം പ്രസക്തമാണ്. പ്രതിഷേധങ്ങളോ വിശദീകരണങ്ങളോ ഇല്ലാതെ ആ കഴുത ക്രൂരതകളിലൂടെ കടന്നുപോകുന്നു. അവിടെ പ്രകടമായ മനസ്സാക്ഷിയോ പ്രഖ്യാപിത തത്വങ്ങളോ ഇല്ല; സഹനം മാത്രം.
തർക്കോവ്സ്കിയുടെ ‘ദ സാക്രിഫൈസ്’ ഇതിലും ദുഷ്കരമായ ഒരു മേഖലയാണ്. ദുരന്തം ഒഴിവാക്കാൻ വേണ്ടി അലക്സാണ്ടർ തന്റെ സർവ്വസ്വവും ഉപേക്ഷിക്കുന്നു. അയാളുടെ പ്രവർത്തി എന്തെങ്കിലും മാറ്റമുണ്ടാക്കിയോ എന്ന് സ്ഥിരീകരിക്കപ്പെടുന്നില്ല. ആ പ്രതിജ്ഞ ആരെങ്കിലും കേട്ടുവെന്നതിന് യാതൊരു ഉറപ്പുമില്ല. അവസാന രംഗത്ത് തളിരിടാത്ത മരത്തിന് നനയ്ക്കുന്ന കുട്ടി ബൈബിളിലെ വാക്കുകൾ ആവർത്തിക്കുന്നു: “ആദിയിൽ വചനമുണ്ടായിരുന്നു.” എന്തുകൊണ്ട് എന്ന് അവൻ ചോദിക്കുന്നു. ഉത്തരമില്ല. അർത്ഥം കണ്ടെത്താൻ യാതൊരു വഴിയുമില്ലാത്ത ഇടത്ത് ലോഗോസിനെ വിളിച്ച് ഓർമ്മിച്ചുകൊണ്ടാണ് സിനിമ അവസാനിക്കുന്നത്. ബലി അർപ്പിക്കപ്പെട്ടു, പക്ഷേ അതിന്റെ ഫലം സ്ഥിരീകരിക്കപ്പെട്ടില്ല. വചനം ഉച്ചരിക്കപ്പെട്ടു, എന്നിട്ടും നിശബ്ദത തുടരുന്നു.
ഈ സിനിമകളെ തമ്മിൽ ബന്ധിപ്പിക്കുന്നത് വിജയമല്ല, മറിച്ച് തുറന്നുകാട്ടപ്പെടലാണ്. തോൽപ്പിക്കപ്പെട്ട ജീവിതങ്ങളെയും കൈയടികൾ ഇല്ലാത്ത പ്രവർത്തികളെയുമാണ് അവ ചിത്രീകരിക്കുന്നത്. വിജയത്തേക്കാൾ കുരിശിനും നേട്ടത്തേക്കാൾ അഷ്ടസൗഭാഗ്യങ്ങൾക്കും പ്രാധാന്യം നൽകുന്ന ഒരു പാരമ്പര്യം രൂപപ്പെടുത്തിയ പ്രത്യേക പശ്ചാത്തലത്തിലൂടെ ഇത്തരം ആഖ്യാനങ്ങളെ നോക്കിക്കണ്ടതുകൊണ്ടാകാം അവ ഇത്രമേൽ ഉള്ളിൽ തട്ടിയത്. അങ്ങനെയെങ്കിൽ, ആ തിരിച്ചറിവ് സിനിമകളുടെ മൂല്യം കുറയ്ക്കുന്നില്ല; പകരം അവയെ അഭിമുഖീകരിക്കുന്ന രീതിയെ അത് വെളിപ്പെടുത്തുന്നു. ആ കാഴ്ചപ്പാട് സിനിമകളിൽ അടിച്ചേൽപ്പിച്ചതാണോ അതോ അവയിലൂടെ തന്നെ വെളിവാക്കപ്പെട്ടതാണോ എന്നത് ഇന്നും മനസിലാകാതെ തുടരുന്നു.