ശാസ്ത്രീയമായ വെറും നിഗമനങ്ങളായി തോന്നിപ്പിക്കുന്ന പല പ്രസ്താവനകളും യഥാർത്ഥത്തിൽ ശാസ്ത്രീയമല്ലാത്ത പല മുൻധാരണകളെയും പേറുന്നവയാണ്. “ഭൗതിക വസ്തുക്കൾ മാത്രമേ നിലനിൽക്കുന്നുള്ളൂ”, “പ്രകൃതി നിയമങ്ങളാണ് മൗലികമായ സത്യം”, “പ്രപഞ്ചത്തിന് മറ്റൊരു വിശദീകരണം ആവശ്യമില്ല” തുടങ്ങിയ അവകാശവാദങ്ങൾ ആധുനിക ചിന്താലോകത്ത് സർവ്വസാധാരണമാണ്. എന്നാൽ ഇവയൊന്നും പരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെട്ട വസ്തുതകളോ ഭൗതിക സിദ്ധാന്തങ്ങളിൽ നിന്ന് ഡിറൈവ് ചെയ്തെടുത്ത സമവാക്യങ്ങളോ അല്ല. മറിച്ച്, ശാസ്ത്രീയ കണ്ടെത്തലുകൾക്ക് പ്രപഞ്ചത്തെക്കുറിച്ച് എന്ത് പറയാൻ കഴിയും എന്നതിനെക്കുറിച്ചുള്ള കേവല വിധിപ്രസ്താവങ്ങൾ മാത്രമാണിവ.
ഇത് ആവർത്തിച്ചുള്ള ആശയക്കുഴപ്പങ്ങൾക്ക് വഴിതുറക്കുന്നു. മെറ്റാഫിസിക്സ് എന്നത് കാലഹരണപ്പെട്ടതോ വെറും സങ്കല്പമോ ആയി തള്ളിക്കളയപ്പെടുമ്പോഴും, ശാസ്ത്രീയമായ അറിവുകളെ വ്യാഖ്യാനിക്കാനും വ്യാപിപ്പിക്കാനും മെറ്റാഫിസിക്കൽ മുൻധാരണകൾ ഇന്നും ഉപയോഗിക്കപ്പെടുന്നു. അതുകൊണ്ടുതന്നെ മെറ്റാഫിസിക്സ് ഉപയോഗിക്കുന്നുണ്ടോ എന്നതല്ല ഇവിടെ ചോദ്യം; മറിച്ച് അത് ബോധപൂർവ്വമാണോ ഉപയോഗിക്കുന്നത് എന്നതാണ്. അത്തരം അവകാശവാദങ്ങളെ വിലയിരുത്തുന്നതിന് മുൻപ്, മെറ്റാഫിസിക്സ് എന്താണെന്നും അത് എങ്ങനെയുള്ള ചോദ്യങ്ങളെയാണ് അഭിമുഖീകരിക്കുന്നത് എന്നും വ്യക്തമാകേണ്ടതുണ്ട്.
ഏറ്റവും അടിസ്ഥാനപരമായ തലത്തിൽ, യാഥാർത്ഥ്യത്തിന്റെ അതീവ സാമാന്യമായ (General) സ്വഭാവങ്ങളെക്കുറിച്ചാണ് മെറ്റാഫിസിക്സ് അന്വേഷിക്കുന്നത്. എന്താണ് നിലനിൽക്കുന്നത്? എന്ത് എന്തിനെയാണ് ആശ്രയിച്ചിരിക്കുന്നത്? കാര്യങ്ങൾ മറ്റൊന്നാകാൻ സാധ്യതയുണ്ടായിരുന്നോ? തുടങ്ങിയവയാണ് ഇതിലെ പ്രധാന ചോദ്യങ്ങൾ. ഈ ചോദ്യങ്ങൾ ശാസ്ത്രത്തിന്റെ ഏതെങ്കിലും ഒരു പ്രത്യേക ശാഖയിൽ മാത്രം ഒതുങ്ങുന്നവയല്ല. കണികകൾക്കും ബലതന്ത്രങ്ങൾക്കും സ്ഥലകാലത്തിനും പ്രകൃതി നിയമങ്ങൾക്കും എന്നുവേണ്ട പ്രപഞ്ചത്തിന് മൊത്തമായും ഇത് ഒരുപോലെ ബാധകമാണ്. മെറ്റാഫിസിക്സ് പുതിയ പരീക്ഷണ വസ്തുതകളൊന്നും നൽകുന്നില്ല, പ്രവചനങ്ങൾ മെച്ചപ്പെടുത്താൻ പുതിയ മെക്കാനിസങ്ങൾ നിർദ്ദേശിക്കുന്നുമില്ല. മറിച്ച്, ശാസ്ത്രീയ വിശദീകരണങ്ങൾ ഇപ്പോൾതന്നെ ആശ്രയിച്ചു നിൽക്കുന്ന മുൻധാരണകളെക്കുറിച്ച് ആഴത്തിൽ ആലോചിക്കുകയാണ് അത് ചെയ്യുന്നത്.
ഈ വ്യത്യാസം ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കാം. ന്യൂട്ടന്റെ ഒന്നാം ചലനനിയമം ശ്രദ്ധിക്കുക: ബാഹ്യബലങ്ങളൊന്നും പ്രയോഗിക്കപ്പെടാത്ത പക്ഷം നിശ്ചലാവസ്ഥയിലുള്ള ഒരു വസ്തു നിശ്ചലാവസ്ഥയിലും, നേർരേഖാ ചലനത്തിലുള്ള വസ്തു അതേ ചലനത്തിലും തുടരുന്നു. വസ്തുക്കളുടെ സഞ്ചാരപഥം കണക്കുകൂട്ടാനും അവയുടെ പെരുമാറ്റം വിശദീകരിക്കാനും ഭൗതികശാസ്ത്രം ഈ നിയമത്തെ ഉപയോഗിക്കുന്നു. നിശ്ചിത സാഹചര്യങ്ങളിൽ വസ്തുക്കൾ എങ്ങനെ ചലിക്കുന്നു എന്ന ചോദ്യത്തിന് അത് ഉത്തരം നൽകുന്നു. എന്നാൽ, എന്തുകൊണ്ടാണ് ഇത്തരമൊരു നിയമം നിലനിൽക്കുന്നത് എന്നോ, യഥാർത്ഥത്തിൽ ഒരു ‘പ്രകൃതി നിയമം’ എന്നാൽ എന്താണ് എന്നോ നാം ചോദിക്കുമ്പോൾ അന്വേഷണത്തിന്റെ തലം മാറുന്നു. അവിടെ ചോദ്യം ചലനത്തെക്കുറിച്ചല്ല, മറിച്ച് അത്തരം ക്രമങ്ങളെ സാധ്യമാക്കുന്ന ചട്ടക്കൂടിനെക്കുറിച്ചാണ്. ആ മാറ്റമാണ് ഭൗതികശാസ്ത്രത്തിൽ നിന്ന് മെറ്റാഫിസിക്സിലേക്കുള്ള പരിവർത്തനത്തെ അടയാളപ്പെടുത്തുന്നത്.
ഇത്തരമൊരു സാമാന്യ തലത്തിൽ പ്രവർത്തിക്കുന്നതുകൊണ്ട് തന്നെ മെറ്റാഫിസിക്സ് പലപ്പോഴും മറ്റ് അന്വേഷണ രീതികളുമായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. ഇത് സങ്കല്പാധിഷ്ഠിതമായ പ്രപഞ്ചശാസ്ത്രമല്ല (Speculative cosmology). അപര്യാപ്തമായ തെളിവുകൾക്ക് പകരം വെക്കാൻ അദൃശ്യ ലോകങ്ങളോ ഗുപ്തബലങ്ങളോ അത് സൃഷ്ടിക്കുന്നില്ല. മെറ്റാഫിസിക്സ് ദൃശ്യലോകത്തിന് അപ്പുറമുള്ള സാധ്യതകളെ പരിഗണിക്കുന്നുണ്ടെങ്കിൽ, അത് ആശയപരമായ യുക്തിഭദ്രത (Conceptual coherence) പരിശോധിക്കാൻ വേണ്ടിയാണ്, അല്ലാതെ പുതിയ ഭൗതിക അവകാശവാദങ്ങൾ ഉന്നയിക്കാനല്ല. അതുപോലെ ഇത് ദൈവശാസ്ത്രവുമല്ല. വെളിപാടുകളിലോ മതപരമായ അധികാരത്തിലോ നിന്നല്ല അത് ആരംഭിക്കുന്നത്, ദൈവത്തിന്റെ നിലനിൽപ്പിനെ അത് മുൻകൂട്ടി ഉറപ്പിക്കുന്നുമില്ല. ദൈവശാസ്ത്രത്തിന് മെറ്റാഫിസിക്കൽ നിഗമനങ്ങളെ ഉപയോഗിക്കാൻ കഴിഞ്ഞേക്കാം എന്നതൊഴിച്ചാൽ രീതിശാസ്ത്രപരമായി ഇവ രണ്ടും ഭിന്നമാണ്.
ഏറ്റവും പ്രധാനമായി, മെറ്റാഫിസിക്സ് ഭൗതികശാസ്ത്രമല്ല. ശാസ്ത്രീയ സിദ്ധാന്തങ്ങളോട് മത്സരിക്കാൻ നിയമങ്ങളോ സമവാക്യങ്ങളോ മാതൃകകളോ അത് വാഗ്ദാനം ചെയ്യുന്നില്ല. പ്രവചനങ്ങളുടെ വിജയമല്ല അതിന്റെ ലക്ഷ്യം. മറിച്ച്, ഭൗതികശാസ്ത്രം ഉന്നയിക്കുന്ന അവകാശവാദങ്ങളുടെ അർത്ഥത്തെയും പദവിയെയുമാണ് അത് വിശകലനം ചെയ്യുന്നത്: ഒരു നിയമം മൗലികമാണെന്ന് പറയുന്നതിന്റെ അർത്ഥമെന്ത്? ഗണിതശാസ്ത്ര ഘടനകൾ വിവരിക്കുന്നത് എങ്ങനെയുള്ള യാഥാർത്ഥ്യത്തെയാണ്? ഒരു വിശദീകരണം പൂർണ്ണമാണ് എന്ന് പറയുന്നതിന്റെ പൊരുളെന്താണ്? ഇത്തരം കാര്യങ്ങളാണ് അത് അന്വേഷിക്കുന്നത്.
മെറ്റാഫിസിക്കൽ ചോദ്യങ്ങൾ ഉദിക്കുന്നത് ശാസ്ത്രത്തോടുള്ള അസംതൃപ്തിയിൽ നിന്നല്ല, മറിച്ച് അതിന്റെ വിജയത്തിൽ നിന്നാണ്. ശാസ്ത്രീയ സിദ്ധാന്തങ്ങൾ കൂടുതൽ ഏകോപിതവും സംഗ്രഹീതവുമാകുമ്പോൾ, അവ സ്വന്തം അടിത്തറയെക്കുറിച്ചുള്ള പുനർചിന്തകളെ ക്ഷണിച്ചുവരുത്തുന്നു. വൈവിധ്യമാർന്ന പ്രതിഭാസങ്ങൾ ചുരുക്കം ചില തത്വങ്ങളാൽ വിശദീകരിക്കപ്പെടുമ്പോൾ, എന്തുകൊണ്ട് മറ്റ് തത്വങ്ങൾക്ക് പകരം ഇവ നിലനിൽക്കുന്നു എന്ന് ചോദിക്കുന്നത് സ്വാഭാവികമാണ്. പ്രപഞ്ചത്തെ വിവരിക്കാൻ ഗണിതശാസ്ത്രം ഇത്രമേൽ ഫലപ്രദമാകുമ്പോൾ, എന്തുകൊണ്ട് പ്രപഞ്ചം ഗണിതശാസ്ത്രപരമായ യുക്തിസഹത (Mathematical Intelligibility) പുലർത്തുന്നു എന്ന് ചോദിക്കുന്നതും സ്വാഭാവികമാണ്. ഈ ചോദ്യങ്ങൾ ഭൗതികമായ പുതിയ കാരണങ്ങൾ തേടിയുള്ളതല്ല; മറിച്ച് ആശ്രിതത്വം (Dependence), അനിവാര്യത (Necessity), യുക്തിസഹത എന്നിവയെക്കുറിച്ചുള്ളവയാണ്.
ഇത്തരം ആലോചനകൾ ശാസ്ത്രത്തെ തകർക്കുന്നില്ല, മറിച്ച് ശാസ്ത്രത്തെ മുൻകൂട്ടി അംഗീകരിക്കുകയാണ് ചെയ്യുന്നത്. ശാസ്ത്രീയ വിശദീകരണങ്ങൾ പ്രവർത്തിക്കുന്നത് അത് തന്നെ വിശദീകരിക്കാത്ത ഒരു ആശയപരമായ ചട്ടക്കൂടിനുള്ളിലാണ്. മെറ്റാഫിസിക്സ് ആ ചട്ടക്കൂടിനെയാണ് അഭിമുഖീകരിക്കുന്നത്. ഈ പരിവർത്തനത്തെ നാം അംഗീകരിച്ചാലും ഇല്ലെങ്കിലും, ചോദ്യങ്ങൾ അവശേഷിക്കുന്നു.
അതുകൊണ്ട് തന്നെ മെറ്റാഫിസിക്സിന്റെ ശരിയായ ദൗത്യം പരിമിതമാണ്, എന്നാൽ അതീവ കൃത്യവുമാണ്. വിശദീകരണങ്ങളിൽ ഉപയോഗിക്കുന്ന ആശയങ്ങൾക്ക് അത് വ്യക്തത നൽകുന്നു. വിവിധതരം അനിവാര്യതകളെയും ആശ്രിതത്വങ്ങളെയും അത് വേർതിരിക്കുന്നു. വിശദീകരണത്തിനായുള്ള ആവശ്യങ്ങൾ എവിടെയാണ് ന്യായമെന്നും എവിടെയാണ് അവ തെറ്റായി പ്രയോഗിക്കപ്പെടുന്നത് എന്നും തിരിച്ചറിയാൻ അത് സഹായിക്കുന്നു. അത് അന്തിമമായ ഉത്തരങ്ങളോ സർവ്വസമ്മതമായ നിഗമനങ്ങളോ വാഗ്ദാനം ചെയ്യുന്നില്ല. അതിന്റെ മൂല്യം ആശയക്കുഴപ്പങ്ങൾ ഒഴിവാക്കുന്നു എന്നതിലാണ്—പ്രത്യേകിച്ചും രീതിശാസ്ത്രപരമായ വിജയം ആശയപരമായ പൂർണ്ണതയാണെന്ന തെറ്റിദ്ധാരണയെ അത് ഇല്ലാതാക്കുന്നു.
പരിചിതമായ ഒരു ഉദാഹരണം ഈ ധർമ്മത്തെ വ്യക്തമാക്കും. പ്രപഞ്ചത്തിന് ഏകദേശം 13.8 ബില്യൺ വർഷം പഴക്കമുണ്ട് എന്ന പ്രസ്താവനയെ പലപ്പോഴും ഒരു കേവല ഭൗതിക വസ്തുതയായാണ് നാം കാണുന്നത്. എന്നാൽ, കാലം (Time) എന്നത് യാഥാർത്ഥ്യത്തിന്റെ ഒരു യഥാർത്ഥ ഭാഗമാണെന്നും, സമയക്രമം അർത്ഥവത്താണെന്നും, ‘പ്രപഞ്ചം’ എന്നത് ഒരു സുസജ്ജമായ അന്വേഷണ വിഷയമാണെന്നും, അളവുകൾ മനുഷ്യബോധത്തിന് പുറത്തുള്ള സത്യത്തെ വെളിപ്പെടുത്തുന്നുണ്ടെന്നും ഉള്ള മുൻധാരണകളെ ഈ അവകാശവാദം പേറുന്നുണ്ട്. പ്രപഞ്ചത്തിന്റെ പ്രായം കണക്കാക്കുന്നതിനെ മെറ്റാഫിസിക്സ് ചോദ്യം ചെയ്യുന്നില്ല. മറിച്ച്, എന്തത്തരത്തിലുള്ള ഒരു പ്രസ്താവനയാണ് അവിടെ നടത്തുന്നത് എന്നും, അതിനെ വെറുമൊരു ഗണിത സൗകര്യത്തിനപ്പുറം യാഥാർത്ഥ്യത്തെക്കുറിച്ചുള്ള ഒരു നിഗമനമായി മാറ്റുന്ന മുൻധാരണകൾ ഏവയാണെന്നും അത് വ്യക്തമാക്കുന്നു.
ഈ രീതിയിൽ നോക്കിയാൽ, മെറ്റാഫിസിക്സ് ശാസ്ത്രത്തോട് മത്സരിക്കുകയോ അതിന് മുകളിൽ സങ്കല്പങ്ങൾ കൂട്ടിച്ചേർക്കുകയോ ചെയ്യുന്നില്ല. അത് ശാസ്ത്രീയ അന്വേഷണങ്ങൾക്കൊപ്പം സഞ്ചരിച്ചുകൊണ്ട് അതിന്റെ മുൻധാരണകളെയും അതിർവരമ്പുകളെയും വിശകലനം ചെയ്യുന്ന ഒരു ദാർശനിക ശിക്ഷണമാണ്. എങ്കിലും, ഒരു ചോദ്യം ഒഴിവാക്കാനാവാത്തതായി അവശേഷിക്കുന്നു. ഭൗതികശാസ്ത്രവും മെറ്റാഫിസിക്സും വ്യത്യസ്ത തരം ചോദ്യങ്ങളാണ് കൈകാര്യം ചെയ്യുന്നതെങ്കിൽ, അവ തമ്മിലുള്ള വിടവ് താത്കാലികമാണോ അതോ തത്വനിഷ്ഠമായ ഒന്നാണോ? ശാസ്ത്രപുരോഗതിയിലൂടെ ഈ വിടവ് നികത്താൻ കഴിയുമോ, അതോ വിശദീകരണങ്ങൾക്ക് മറികടക്കാനാവാത്ത ഒരു അതിർത്തിയെയാണോ അത് സൂചിപ്പിക്കുന്നത്? ആ വിടവിന്റെ സ്വഭാവത്തെക്കുറിച്ചാണ് അടുത്ത ലേഖനം.