പ്രപഞ്ചത്തിന്റെ സൂക്ഷ്മക്രമീകരണവും ശാസ്ത്രീയ വിശദീകരണത്തിന്റെ പരിമിതികളും
ആധുനിക പ്രപഞ്ചശാസ്ത്രം പ്രപഞ്ചത്തെക്കുറിച്ച് നൽകുന്ന ചിത്രം വിപുലം മാത്രമല്ല; മറിച്ച്, ‘വിശദീകരണം’ എന്ന പ്രക്രിയയെക്കുറിച്ചുള്ള നമ്മുടെ ആഴത്തിലുള്ള ബോധ്യങ്ങളെ അത് നിശബ്ദമായി അസ്ഥിരപ്പെടുത്തുകയും ചെയ്തിരിക്കുന്നു. നക്ഷത്രങ്ങളുടെ രൂപീകരണം, മൂലകങ്ങളുടെ രാസസംയോജനം, സങ്കീർണ്ണതയുടെ ആവിർഭാവം, ഒടുവിൽ ജീവന്റെ ഉദയം എന്നിവയെല്ലാം കൃത്യതയോടെ നിശ്ചയിക്കപ്പെട്ട ചില ഭൗതിക പാരാമീറ്ററുകളെയാണ് ആശ്രയിച്ചു നിൽക്കുന്നത്. ശാസ്ത്രലോകം ഇതിനെ ‘കോസ്മോളജിക്കൽ ഫൈൻ-ട്യൂണിംഗ്’ അഥവാ പ്രപഞ്ചത്തിന്റെ സൂക്ഷ്മക്രമീകരണം എന്ന് വിളിക്കുന്നു. സൂക്ഷ്മക്രമീകരണം എന്നത് ഭൗതികശാസ്ത്രത്തിലേക്ക് മതത്തിൽ നിന്ന് ഒളിച്ചുകടത്തിയ ഒരു ദൈവശാസ്ത്ര വാദമല്ല. മറിച്ച്, സ്ഥിരാങ്കങ്ങൾ അളക്കുക, ബദൽ സാഹചര്യങ്ങൾ മാതൃകയാക്കുക, കാര്യങ്ങൾ അല്പം മാറിയാൽ എന്ത് സംഭവിക്കുമെന്ന് ചോദിക്കുക തുടങ്ങിയ സാധാരണ ശാസ്ത്രീയ രീതികളിൽ നിന്നാണ് ഇത് ഉടലെടുക്കുന്നത്. എങ്കിലും, ഈ കണ്ടെത്തൽ ഉയർത്തുന്ന ചോദ്യം ശാസ്ത്രീയമല്ല. പാരാമീറ്ററുകൾ ജീവന് അനുയോജ്യമായ ഇടുങ്ങിയ പരിധിക്കുള്ളിലാണെന്ന് ഭൗതികശാസ്ത്രത്തിന് പറയാൻ കഴിയും, എന്നാൽ എന്തുകൊണ്ട് ഇത് ഇപ്രകാരമായി എന്ന് സ്വന്തം രീതികളിലൂടെ വിശദീകരിക്കാൻ അതിന് കഴിയില്ല. ആ നിമിഷം നാം ഭൗതികശാസ്ത്രം വിട്ട് ശാസ്ത്രദർശനത്തിലേക്ക് പ്രവേശിക്കുന്നു.
ഭൗതികശാസ്ത്രജ്ഞർ പ്രപഞ്ചത്തെ വിവരിക്കുന്ന സമവാക്യങ്ങൾ എഴുതുമ്പോൾ, ആ സമവാക്യങ്ങളാൽ നിശ്ചയിക്കപ്പെടാത്ത ചില അക്കങ്ങൾ അവർക്ക് അഭിമുഖീകരിക്കേണ്ടി വരുന്നു. ഇവയാണ് മൗലിക സ്ഥിരാങ്കങ്ങൾ. ഇവിടെ നിർണ്ണായകമായ ജ്ഞാനശാസ്ത്രപരമായ പോയിന്റ് ഇതാണ്: ഭൗതിക നിയമങ്ങൾ വിവരിക്കുന്നത് ബന്ധങ്ങളെയാണ്, മൂല്യങ്ങളെയല്ല. പിണ്ഡമുള്ള വസ്തുക്കൾ പരസ്പരം ആകർഷിക്കുമെന്ന് ന്യൂട്ടന്റെ ഗുരുത്വാകർഷണ നിയമം പറയുന്നുണ്ടെങ്കിലും, ആ ആകർഷണം എത്രത്തോളം ശക്തമായിരിക്കണമെന്ന് അത് നിശ്ചയിക്കുന്നില്ല. ആ ശക്തി ഒരു സ്ഥിരാങ്കത്തിലൂടെയാണ് വരുന്നത്. നിയമങ്ങൾ മാറ്റമില്ലാതെ തുടരുമ്പോഴും ഈ സ്ഥിരാങ്കങ്ങൾക്ക് വ്യത്യസ്ത മൂല്യങ്ങൾ സ്വീകരിക്കാൻ കഴിയുമെന്നത് ഭൗതികശാസ്ത്രത്തിന്റെ അടിത്തറയിലെ ഒരുതരം അനിശ്ചിതത്വത്തെ (Contingency) വെളിപ്പെടുത്തുന്നു. ശക്തമായ ആണവബലത്തിൽ കേവലം 0.5% വർദ്ധനവുണ്ടായാൽ അത് ഹൈഡ്രജനെ അസ്ഥിരമാക്കുകയും നക്ഷത്രങ്ങളുടെ ആയുസ്സ് ഇല്ലാതാക്കുകയും ചെയ്യും. നേരിയ കുറവുണ്ടായാൽ ആണവസംയോജനം തന്നെ അസാധ്യമാകും. നക്ഷത്രങ്ങൾക്കുള്ളിൽ കാർബൺ രൂപപ്പെടാൻ അനുവദിക്കുന്ന ഊർജ്ജ നില (Resonance level) അല്പം മാറിയാൽ പ്രപഞ്ചത്തിൽ നിന്ന് കാർബൺ രസതന്ത്രം തന്നെ അപ്രത്യക്ഷമാകുമായിരുന്നു. ജീവന് പ്രത്യേക സാഹചര്യങ്ങൾ വേണം എന്നതല്ല, മറിച്ച് പ്രപഞ്ചം തന്നെ വിഭിന്നമായ സാധ്യതകളുടെ ഒരു നൂൽപ്പാലത്തിലൂടെയാണ് സഞ്ചരിക്കുന്നത് എന്നതാണ് വസ്തുത.
ഈ ഘട്ടത്തിൽ സ്വാഭാവികമായും ഒരു ചോദ്യം ഉയർന്നുവരാം: ഭാവിയിൽ രൂപപ്പെട്ടേക്കാവുന്ന കൂടുതൽ മൗലികമായ ഭൗതികശാസ്ത്ര സിദ്ധാന്തങ്ങൾക്ക് ഈ സ്ഥിരാങ്കങ്ങളുടെ മൂല്യങ്ങളെ കൃത്യമായി നിർണ്ണയിക്കാൻ കഴിയില്ലേ? അങ്ങനെയെങ്കിൽ ഇവ കേവലം അനിശ്ചിതമായ (Contingent) മൂല്യങ്ങളല്ല, മറിച്ച് ഭൗതികമായി അനിവാര്യമായ സംഖ്യകളാണെന്ന് വരില്ലേ? ശാസ്ത്രചരിത്രം പരിശോധിച്ചാൽ ഇതൊരു ന്യായമായ സംശയമാണ്; പണ്ട് കാരണരഹിതമെന്ന് കരുതിയിരുന്ന പല അളവുകളെയും പിൽക്കാലത്ത് കൂടുതൽ ആഴത്തിലുള്ള നിയമങ്ങളിലൂടെ വിശദീകരിക്കാൻ നമുക്ക് സാധിച്ചിട്ടുണ്ട്.
എങ്കിലും, ഇവിടെ തിരിച്ചറിയേണ്ട ഒരു പ്രധാന വസ്തുതയുണ്ട്: ഒരു സിദ്ധാന്തത്തിനുള്ളിൽ നിന്ന് ചില മൂല്യങ്ങളെ ഡിറൈവ് ചെയ്തെടുക്കുന്നത് അവ സത്താപരമായി അനിവാര്യമാണെന്ന് തെളിയിക്കുന്നതിന് തുല്യമല്ല. ഇന്നത്തെ സ്ഥിരാങ്കങ്ങളെ കൂടുതൽ മൗലികമായ പാരാമീറ്ററുകളുമായി ബന്ധിപ്പിക്കാനോ സ്വതന്ത്രമായ അളവുകളുടെ എണ്ണം കുറയ്ക്കാനോ ഭാവിയിലെ സിദ്ധാന്തങ്ങൾക്ക് കഴിഞ്ഞേക്കാം. എന്നാൽ, എന്തുകൊണ്ട് മറ്റ് പല ഗണിതസാധ്യതകൾ നിലനിൽക്കെ ഈ പ്രത്യേക സിദ്ധാന്തം മാത്രം പ്രപഞ്ചത്തിൽ പ്രയോഗിക്കപ്പെടുന്നു എന്നോ, അല്ലെങ്കിൽ ആ സിദ്ധാന്തം അനുവദിക്കുന്ന ഒട്ടനവധി പരിഹാരങ്ങളിൽ നിന്ന് ഈ പ്രത്യേക പരിഹാരം മാത്രം എങ്ങനെ തിരഞ്ഞെടുക്കപ്പെട്ടു എന്നോ ഉള്ള ചോദ്യം അപ്പോഴും ബാക്കിയാകും. കൂടുതൽ ആഴത്തിലുള്ള ഒരു തലം കണ്ടെത്തുന്നത് അനിശ്ചിതത്വത്തിന്റെ സ്ഥാനത്തെ മാറ്റിപ്രതിഷ്ഠിക്കുക മാത്രമാണ് ചെയ്യുന്നത്; അതിനെ സ്വയമേവ ഇല്ലാതാക്കുന്നില്ല.
ചുരുക്കത്തിൽ, ഒരു മൂല്യം ആഴത്തിലുള്ള നിയമങ്ങളിൽ നിന്ന് എങ്ങനെ ഡിറൈവ്ഡ് ആകുന്നു എന്ന് കാണിക്കുന്നത്, അത് മറ്റൊന്നാകാൻ സാദ്ധ്യതയില്ലായിരുന്നു എന്ന് തെളിയിക്കുന്നതിൽ നിന്ന് ഭിന്നമാണ്. ഭൗതികശാസ്ത്രം ഇനിയും ഗഹനമായ ഘടനകളെ അനാവരണം ചെയ്തേക്കാം; അത്തരം പ്രതീക്ഷകളെ സൂക്ഷ്മക്രമീകരണത്തെക്കുറിച്ചുള്ള ചർച്ചകൾ ഒട്ടും നിരുത്സാഹപ്പെടുത്തുന്നില്ല. ഈ ദാർശനിക നിലപാട് വളരെ ലളിതമാണ്: ഇന്നത്തെ ഭൗതികശാസ്ത്രം ഈ സ്ഥിരാങ്കങ്ങൾ മറ്റൊന്നാകുന്നതിനെ വിലക്കുന്നില്ല. ഇനി ഭാവിയിൽ ഇവയെ വിജയകരമായി മറ്റൊരു നിയമത്തിൽ നിന്ന് ഡിഡ്യൂസ് ചെയ്താൽ പോലും, എന്തുകൊണ്ട് ഈ പ്രത്യേക നിയമസംഹിതകളും പാരാമീറ്ററുകളും നിലനിൽക്കുന്നു എന്ന ചോദ്യം അപ്പോഴും പ്രസക്തമായി തുടരും. അതുകൊണ്ടുതന്നെ, സൂക്ഷ്മക്രമീകരണം എന്ന സമസ്യ ഭൗതികശാസ്ത്രം അപൂർണ്ണമായതുകൊണ്ട് ഉണ്ടാകുന്ന ഒന്നല്ല; മറിച്ച്, ശാസ്ത്രീയമായ വിശദീകരണവും സത്താപരമായ അനിവാര്യതയും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയുന്നതിൽ നിന്ന് ഉടലെടുക്കുന്നതാണ്.
സൂക്ഷ്മക്രമീകരണം ഭൗതിക സ്ഥിരാങ്കങ്ങളിൽ മാത്രം ഒതുങ്ങുന്നില്ല; അത് പ്രപഞ്ചത്തിന്റെ പ്രാരംഭാവസ്ഥയിലും പ്രകടമാണ്. താപഗതികശാസ്ത്രത്തിലെ രണ്ടാം നിയമമനുസരിച്ച്, ഏതൊരു അടഞ്ഞ വ്യവസ്ഥയും ക്രമത്തിൽനിന്നു ക്രമരാഹിത്യത്തിലേക്കു നീങ്ങാനാണ് സ്വാഭാവിക പ്രവണത കാണിക്കുന്നത്. അതിനാൽ തന്നെ, ഇന്ന് നാം കാണുന്ന നക്ഷത്രങ്ങളും ജീവനും നിലനിൽക്കണമെങ്കിൽ പ്രപഞ്ചം അതിന്റെ പ്രാരംഭത്തിൽ അങ്ങേയറ്റം ക്രമബദ്ധമായ (Low entropy) ഒരു അവസ്ഥയിലായിരിക്കണം. സർ റോജർ പെൻറോസ് കണക്കാക്കിയത് പ്രകാരം, പ്രപഞ്ചം ഇത്രയും കൃത്യമായ എൻട്രോപ്പി നിലയിൽ ആരംഭിക്കാനുള്ള സാധ്യത 1010123-ൽ ഒന്ന് (Penrose number) മാത്രമാണ്. ഇതൊരു സങ്കല്പാതീതമായ ചെറിയ സാധ്യതയാണ്. സംഭാവ്യതാ സിദ്ധാന്തത്തിന്റെ പ്രായോഗിക നിയമങ്ങൾ പരിശോധിച്ചാൽ, 1050-ൽ ഒന്ന് എന്നതിനേക്കാൾ കുറഞ്ഞ ഏതൊരു സാധ്യതയെയും പ്രായോഗിക തലത്തിൽ സീറോ പ്രോബബിലിറ്റി ആയാണ് കണക്കാക്കുന്നത്. എന്നാൽ പെൻറോസ് മുന്നോട്ടുവെച്ച സംഖ്യ ഈ പരിധിയേക്കാൾ കോടിക്കണക്കിന് മടങ്ങ് അസാധ്യമായ ഒന്നാണ്. ഗണിതശാസ്ത്രപരമായി ഇത്രമേൽ വിദൂരമായ ഒരു സാധ്യത യാഥാർത്ഥ്യമായിത്തീർന്നു എന്നത്, അതിനെ കേവലം ഒരു യാദൃച്ഛികതയായി തള്ളിക്കളയുന്നത് യുക്തിഹീനമാക്കുന്നു. അതുപോലെ തന്നെ പ്രപഞ്ചം വികസിക്കുന്ന നിരക്കും സവിശേഷമാണ്. വികാസനിരക്ക് ഒരു അംശം കുറവായിരുന്നെങ്കിൽ ഗുരുത്വാകർഷണം പ്രപഞ്ചത്തെ അന്നേ തകർക്കുമായിരുന്നു; ഒരംശം കൂടുതലായിരുന്നെങ്കിൽ ഗാലക്സികൾ രൂപപ്പെടാൻ കഴിയാത്ത വിധം ദ്രവ്യം ചിതറിപ്പോകുമായിരുന്നു. ഭൗതികമായി സാധ്യമായ എണ്ണമറ്റ പാതകളിൽ നിന്ന് ജീവന് അനുയോജ്യമായ ഈ പാത തിരഞ്ഞെടുക്കപ്പെട്ടതു വിശദീകരണം ആവശ്യപ്പെടുന്ന വസ്തുതയാണ്.
സൂക്ഷ്മക്രമീകരണത്തെക്കുറിച്ച് സംസാരിക്കുമ്പോൾ പലപ്പോഴും ’ സാധ്യത’ (Probability) എന്ന പദം ഉപയോഗിക്കാറുണ്ട്. എന്നാൽ ജ്ഞാനശാസ്ത്രപരമായ അർത്ഥത്തിൽ ഈ വാക്കിന് ചില പരിമിതികളുണ്ട്. ഒരു സംഭാവ്യത കണക്കാക്കാൻ സാദ്ധ്യതകളുടെ സമുച്ചയം (Sampling space), വിതരണരീതി (Distribution), തിട്ടപ്പെടുത്തൽ (Measure) എന്നിവ ആവശ്യമാണ്. എന്നാൽ കോസ്മോളജിയിൽ ഈ മൂന്ന് കാര്യങ്ങളിലും നമുക്ക് കൃത്യമായ അറിവില്ല. ഈ കാരണത്താൽ തന്നെ സൂക്ഷ്മക്രമീകരണത്തെ കേവലമൊരു ഗണിതസംഭാവ്യതാ വാദമായി കാണുന്നതിനെ പല ശാസ്ത്രജ്ഞരും എതിർക്കുന്നു. പക്ഷേ, ഇവിടെ ഒരു കാര്യം വ്യക്തമാണ്: സംഭാവ്യത കണക്കാക്കാൻ കഴിയില്ല എന്നത് വിശദീകരണത്തിന്റെ ആവശ്യകതയെ ഇല്ലാതാക്കുന്നില്ല. സൂക്ഷ്മക്രമീകരണത്തിന്റെ ദാർശനിക ബലം ഗണിതപരമായ അപൂർവ്വതയിലല്ല, മറിച്ച് അനിവാര്യതയുടെ അഭാവത്തിലാണ് (Absence of physical necessity). നിയമങ്ങൾ ഈ മൂല്യങ്ങളെ നിർബന്ധിതമായി നിശ്ചയിക്കുന്നില്ല എന്ന തിരിച്ചറിവാണ് ഇവിടെ പ്രസക്തം.
ഇതിനോടുള്ള പ്രധാന പ്രതികരണങ്ങളിലൊന്നാണ് ആന്ത്രോപിക് തത്വം. നാം നിലനിൽക്കുന്നതുകൊണ്ട് പ്രപഞ്ചം ഇപ്രകാരം കാണുന്നു എന്നത് വസ്തുതയാണെങ്കിലും, എന്തുകൊണ്ട് പ്രപഞ്ചം ഇത്ര കൃത്യമായി എന്ന ചോദ്യത്തിന് അതൊരു മറുപടിയല്ല. ഫയറിങ് സ്‌ക്വാഡിൽ നിന്ന് അവിചാരിതമായി രക്ഷപ്പെട്ട ഒരാൾ, “ഞാൻ ജീവിച്ചിരിക്കുന്നതുകൊണ്ടാണ് ഇത് ചോദിക്കാൻ കഴിയുന്നത്” എന്ന് പറയുന്നത് പോലെയാണിത്. അത് നിരീക്ഷകന്റെ നിലനിൽപ്പിനെ വിശദീകരിക്കുന്നുണ്ടെങ്കിലും, എന്തുകൊണ്ട് വെടിയുണ്ടകൾ ഉന്നം തെറ്റിച്ചു എന്ന സംഭവത്തിന്റെ കാരണത്തെ വിശദീകരിക്കുന്നില്ല. അതുപോലെ തന്നെ മൾട്ടിവേഴ്സ് എന്ന വാദവും പ്രശ്നത്തെ ഒരു തലം കൂടി മുകളിലേക്ക് മാറ്റുക മാത്രമാണ് ചെയ്യുന്നത്. വിഭിന്ന പ്രപഞ്ചങ്ങൾ സൃഷ്ടിക്കുന്ന ഒരു സംവിധാനമുണ്ടെങ്കിൽ പോലും ആ സംവിധാനത്തെ ഭരിക്കുന്ന നിയമങ്ങൾ എന്തുകൊണ്ട് ഇപ്രകാരമായി എന്ന ചോദ്യം അവിടെയും അവശേഷിക്കുന്നു.
പ്രപഞ്ചത്തെ ഒരു ‘ബ്രൂട്ട് ഫാക്ട്’ അഥവാ വിശദീകരണം ആവശ്യമില്ലാത്ത കേവല സത്യമായി കാണുന്നത് ശാസ്ത്രത്തിന്റെ തന്നെ ആധാരശിലയായ ‘പര്യാപ്തമായ കാരണതത്വം’ (Principle of Sufficient Reason) നിരാകരിക്കലാണ്. ശാസ്ത്രം എന്നത് ഒരു വിശദീകരണ സംരംഭമാണ്. ലോകത്തിന്റെ എല്ലാ തലങ്ങളിലും കാര്യകാരണ ബന്ധം തേടുന്ന ശാസ്ത്രീയ മനഃസ്ഥിതിക്ക്, ഏറ്റവും മൗലികമായ ഘടനയുടെ കാര്യത്തിൽ മാത്രം വിശദീകരണം വേണ്ടെന്ന് വെക്കുന്നത് വൈരുദ്ധ്യമാണ്. സൂക്ഷ്മക്രമീകരണം പ്രകൃതിവാദത്തെ അസ്ഥിരപ്പെടുത്തുന്നത് ഇവിടെയാണ്. പ്രപഞ്ചം അനിവാര്യമല്ലാത്തതും, സ്വാഭാവികമായി പ്രതീക്ഷിക്കാൻ കഴിയാത്തതും, സ്വയം വിശദീകരിക്കാൻ കെല്പില്ലാത്തതുമാണ് എന്ന് അത് തെളിയിക്കുന്നു.
എന്നാൽ, ഈ വിമർശനം ബ്രൂട്ട് പ്രകൃതിവാദത്തിൽ മാത്രം അവസാനിക്കുന്നില്ല. വിശദീകരണത്തിന് വേണ്ടിയുള്ള ഈ സമ്മർദ്ദം ചിലപ്പോൾ തെറ്റായ ദിശയിലേക്കും തിരിച്ചുവിടപ്പെടാം; പ്രത്യേകിച്ച്, ശാസ്ത്രീയ വിശദീകരണങ്ങളിലെ വിടവുകളെ നേരിട്ട് ഒരു ‘ഡിസൈൻ’ ആയി വ്യാഖ്യാനിക്കുന്ന പ്രവണതയിലേക്ക്. ജീവശാസ്ത്രത്തിലായാലും പ്രപഞ്ചശാസ്ത്രത്തിലായാലും, വിശദീകരണങ്ങളിലെ വിടവുകളെ മുൻനിർത്തി ഡിസൈൻ വാദമുയർത്തുന്ന രീതികൾ പരാജയപ്പെടുന്നത് ഒരേ കാരണത്താലാണ്: അവ സത്താപരമായ അനിശ്ചിതത്വത്തെ അറിവില്ലായ്മയായി തെറ്റിദ്ധരിക്കുന്നു. പ്രപഞ്ചത്തിന്റെ സൂക്ഷ്മക്രമീകരണം ദൈവത്തിന്റെ നിലനിൽപ്പിനെ തെളിയിക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നില്ല; അതുകൊണ്ടുതന്നെ ഇന്റലിജന്റ് ഡിസൈനിനെ ഒരു ശാസ്ത്രീയ വിശദീകരണമായി പുനഃപ്രതിഷ്ഠിക്കാൻ ഇതിനെ ഉപയോഗിക്കാനാവില്ല. മറിച്ച്, നിയമബദ്ധമെങ്കിലും അനിശ്ചിതത്വമുള്ള, ഘടനാപരമെങ്കിലും സ്വയം അനിവാര്യമല്ലാത്ത ഒരു പ്രപഞ്ചത്തെയാണ് ഇത് വെളിപ്പെടുത്തുന്നത്.
ഈ അനിശ്ചിതത്വത്തെ ഒരു ‘ബ്രൂട്ട് ഫാക്ട്’ ആയി കാണുന്നത് ശാസ്ത്രത്തിന്റെ വിശദീകരണാത്മകമായ ധർമ്മത്തെ ഉപേക്ഷിക്കലാണ്; അതേസമയം ഇതിനെ ഒരു ‘വിടവായി’ കാണുന്നത് അകാലത്തിലുള്ള മെറ്റാഫിസിക്കൽ നിഗമനങ്ങളിലേക്ക് വഴിതുറക്കുകയും ചെയ്യും. ശാസ്ത്രീയ വിശദീകരണങ്ങളുടെ പരിമിതികളെ അവയുടെ തുറന്ന സ്വഭാവം നിഷേധിക്കാതെ തന്നെ തിരിച്ചറിയുക എന്നതാണ് കൂടുതൽ അച്ചടക്കമുള്ള സമീപനം. പരമമായ യുക്തിസഹതയെക്കുറിച്ചുള്ള ചോദ്യങ്ങൾ ശാസ്ത്രത്തിന് മാത്രമായി പരിഹരിക്കാൻ കഴിയില്ലെന്നത് അവയെ അവഗണിക്കാനുള്ള ന്യായമല്ല; മറിച്ച്, കൂടുതൽ ഉത്തരവാദിത്തത്തോടെ ആ ചോദ്യങ്ങളെ നാം അഭിമുഖീകരിക്കേണ്ടതുണ്ട്.