കുറിപ്പ് :
ഈ കുറിപ്പ് കുട്ടികളെ ദുരുപയോഗം ചെയ്യുന്നവരെ പ്രതിരോധിക്കാനല്ല. മതസ്ഥാപനങ്ങൾ ഒരിക്കലും നീതിയെ തടസ്സപ്പെടുത്തരുത്. നിയമപാലകർ ഭയമോ പക്ഷപാതമോ ഇല്ലാതെ അന്വേഷിച്ച് നീതി നടപ്പിലാക്കണം. ഓരോ കുറ്റവാളിയും അവരുടെ പ്രവൃത്തികളുടെ നിയമപരമായ അനന്തരഫലങ്ങൾ നേരിടുകയും വേണം.
കുമ്പസാരക്കൂട്ടിൽ വെളിപ്പെടുന്ന ബാലലൈംഗിക പീഡന കേസുകൾ പുരോഹിതന്മാർ റിപ്പോർട്ട് ചെയ്യണമെന്ന നിയമം വാഷിംഗ്ടൺ സംസ്ഥാനം പാസ്സാക്കിയിട്ടുണ്ട്. ഇതോടെ ഏഴു സംസ്ഥാനങ്ങളിൽ ഇ നിയമം നടപ്പിലായി. എന്നാൽ, ഒറ്റനോട്ടത്തിൽ ഉദാത്തമായി തോന്നുന്ന ഇ നിയമത്തിനടിയിലുള്ളത് മനസ്സാക്ഷിയുടെയും, സ്വാതന്ത്ര്യത്തിന്റെയും, യുക്തിയുടെയും ലംഘനം മാത്രമാണ്. ഒരു പാവനമായ പ്രവൃത്തിയായ കുമ്പസാരത്തെ ഒറ്റിക്കൊടുക്കാൻ ആവശ്യപ്പെടുകയും, നിരസിക്കുന്നവരെ ശിക്ഷിക്കുകയും ചെയ്യുന്നതിലൂടെ, ധാർമികതയുടെ അവസാനത്തേ വേലികെട്ടായ മനുഷ്യമനസാക്ഷിയുടെ പ്രക്ത്യക്ഷ രൂപമായ കുമ്പസാരകൂട്ടിലേക്കുള്ള ഭരണകൂടത്തിന്റെ കടന്നുകയറ്റമാണ്. ഭരണകൂടത്തിന് പ്രവേശിക്കാനോ, നിരീക്ഷിക്കാനോ, നിയന്ത്രിക്കാനോ കഴിയാത്ത കുമ്പസാരകൂടിനെ തകർക്കാനുള്ള ശ്രമമാണ്. ധാർമ്മിക പരിവർത്തനത്തിനും നിയമപാലനത്തിനും ഇടയിലുള്ള ഈ ആശയക്കുഴപ്പത്തിന്റെ ദാർശനികവും, യുക്തിപരവും ധാർമികവും നിയമപരവുമായ പൊള്ളത്തരം മനസിലാക്കപ്പെടേണ്ടതുണ്ട്.
1. ദാർശനിക പരാജയം
ഈ നിയമത്തിന്റെ പിന്നിലെ അടിസ്ഥാന പിശക് കുമ്പസാരം വിവര കൈമാറ്റത്തിന്റെ ഒരു രൂപം മാത്രമാണെന്ന അനുമാനമാണ്. കുമ്പസാരത്തിൽ ഉൾച്ചേർന്നിരിക്കുന്ന ദൈവശാസ്ത്രം ഒരു നിമിഷം മറക്കുക—ആ പ്രവൃത്തിയുടെ നിർവചനപ്രകാരമുള്ള സ്വഭാവത്തിൽ നിന്ന് ആരംഭിക്കുക. കുമ്പസാരം എന്നത് രണ്ട് വ്യക്തികൾ തമ്മിലുള്ള വിവര കൈമാറ്റമോ, ഒരു റിപ്പോർട്ടോ അല്ല . ഇത് ഒരു മെറ്റാഫിസിക്കൽ എന്ന് പറയാവുന്ന തരത്തിൽ, ഒരു വ്യക്തിയുടെ സ്വാകാര്യ ധാർമികതയുടെ പ്രതിഫലനമായ പ്രവൃത്തിയാണ്. ധാർമ്മികമായ വിള്ളലിൽ നിന്നും ഉരുത്തിരിയുന്ന മനസ്താപത്തിൽ നിന്നുള്ള വെളിപ്പെടുത്തലും, കരുണയ്ക്കുള്ള വേണ്ടിയുള്ള അപേക്ഷയുമാണ്. വ്യക്തി പുരോഹിതനോട് ഒരു മനുഷ്യനെന്ന നിലയിൽ കുമ്പസാരിക്കുന്നില്ല, മറിച്ച് പുരോഹിതനിലൂടെ ദൈവത്തോടാണ് കുമ്പസാരിക്കുന്നത്. കുമ്പസാരത്തിൽ, അതിന്റെ ശരിയായ ആചാരപരതയിലും, അർത്ഥത്തിലും എടുത്താൽ, ഒരു പുരോഹിതൻ യുക്തിപരമായ/നിയമപരമായ അർത്ഥത്തിൽ കേൾക്കുന്നില്ല. അദ്ദേഹം അറിവ് നിലനിർത്തുകയോ, വിശകലനം ചെയ്യുകയോ, കൈവശം വയ്ക്കുകയോ ചെയ്യുന്നില്ല. കുമ്പസാരത്തിൽ താൻ കേട്ടത് പുരോഹിതൻ റിപ്പോർട്ട് ചെയ്യണമെന്ന് ആവശ്യപ്പെടുന്നത് ഒരു കണ്ണാടി അത് പ്രതിഫലിപ്പിക്കുന്നതിന് പ്രോസിക്യൂട്ട് ചെയ്യപെടണമെന്ന് ആവശ്യപ്പെടുന്നതിന് തുല്യമായ ക്യാറ്റഗറിക്കൽ എററാണ്. മീമാംസാപരമായ അർത്ഥത്തിൽ കുമ്പസാരം ആശയവിനിമയമല്ല, മറിച്ചു, അതിന്റെയപ്പുറമുള്ള, വ്യക്തിയുടെ പുനർരൂപീകരണം സാധ്യമാക്കാനുള്ള വ്യത്യസ്തമായ ഒരു ക്രമമാണ്. അതിനെ കേവലം വിവര കൈമാറ്റത്തിലേക്ക് ചുരുക്കുന്നത് ആ പ്രവൃത്തിയുടെ അന്തസത്തയെതന്നെ തകർക്കും. നിഷ്കളങ്കരും, അവലംബം ആവശ്യമുള്ളവരുമായ കുട്ടികളുടെ സുരക്ഷയാണ് വ്യക്തിയുടെ മനഃസാക്ഷിക്കും, അതിന്റെ അന്തസ്സിനും മുകളിലായി മുൻഗണന കൊടുക്കേണ്ടത് എന്നാണ് നിയമം നിർമിച്ചവരുടെ യുക്തി. പക്ഷെ ഉപരിനന്മയുടെ പേരിൽ ഗവൺമെന്റുകൾ വ്യക്തി മനഃസാക്ഷിയെ മറികടക്കുകയോ, അതിലേക്കു കടന്നു കയറുകയോ ചെയുമ്പോൾ, അത് സ്വേച്ഛാധിപത്യത്തിലേക്ക് വഴിയൊരുക്കുകയും, സാമൂഹിക അധഃപതനത്തിലേക്ക് നയിക്കുകയും ചെയ്യും. വ്യക്തിപരമായ സമഗ്രതയുടെയും, ധാർമ്മിക പ്രവർത്തനത്തിന്റെയും മൂലക്കല്ലാണ് വ്യക്തിഗത മനഃസാക്ഷി. അതിൽ നിന്ന് മാത്രമേ സാമൂഹിക നന്മ ഉരുത്തിരിഞ്ഞു വരികയുള്ളു. പരിക്കുകളില്ലാത്ത, ഉത്ബുദ്ധമായ മനഃസാക്ഷി ഉള്ളവരുടെ ഒരു സമൂഹമേ ധാർമികമായും സാംസ്കാരികമായും ഉയരുകയുള്ളു. നന്മകളെയും, ഉപരിനന്മകളെയും ഭരണകൂടം നിർവചിക്കുകയും അവ വ്യക്തി മനഃസാക്ഷിയുടെമേൽ അടിച്ചേൽപ്പിക്കുകയും ചെയ്താൽ അത് വ്യക്തികളുടെ ധാർമിക യുക്തിയെ അടിച്ചമർത്തുകയും, കാലക്രമത്തിൽ മന്ദിഭവിപ്പിക്കുകയും ചെയ്യും. ദീർഘകാലാടിസ്ഥാനത്തിൽ, ഇവ പരസ്പരവിശ്വാസത്തിന്റെ തകർച്ച, ധാർമ്മിക കർതൃത്വത്തിന്റെ അപചയം, സ്വതന്ത്രവും നീതിയുക്തവുമായ ഒരു സമൂഹത്തിന്റെ അടിത്തറകളുടെ തകർച്ച എന്നിവയിലേക്കാവും നയിക്കുക. ഇരുപതാം നൂറ്റാണ്ടിലെ പല സ്വേച്ഛാധിപത്യ ഭരണകൂടങ്ങളും തങ്ങളുടെ പ്രത്യയശാസ്ത്രങ്ങൾ ആളുകളിൽ അടിച്ചേല്പിച്ചതിന്റെയും, ബലപ്രയോഗത്തിലൂടെ അനുരൂപപെടുത്തിയതിന്റെയും അവ ദുരന്തപര്യവസായി മാറിയത്തിന്റെയും ചരിത്രസാക്ഷ്യങ്ങൾ നമ്മൾക്ക് മുന്പിലുണ്ട്. ഇത്തരം കടന്നു കയറ്റങ്ങൾ വ്യക്തികൾ തമ്മിലുള്ള പരസ്പര വിശ്വാസത്തിനെ ബാധിക്കുകയും അപര സംശയം ദൃഢമാകാൻ കാരണമാവുകയും ചെയ്യും. അങ്ങനെ വിശ്വാസത്തിലും ആത്മധൈര്യത്തിലും പടുത്തുയർത്തപ്പെടേണ്ട സമൂഹം പരസ്പര സംശയത്തിലും ഭയത്തിലും അടിയുകയും, ആന്തരികദ്രവീകരണത്താൽ നശിക്കുകയും ചെയ്യും.
മാനവികതയുടെ എല്ലാ വശങ്ങളും പ്രയോജനവാദത്തിന്റെ കുടക്കീഴിൽ ഉൾപ്പെടുത്താൻ കഴിയില്ല. ഒരു സർക്കാർ ഏത് സമയത്ത് എന്ത് ഉപരിനന്മയായി കണക്കാക്കിയാലും, മനുഷ്യ മനസ്സാക്ഷിയുടെ അന്തസ്സും, വ്യക്തിപരമായ ധാർമ്മിക യുക്തിയുടെ പവിത്രതയും അലംഘനീയമായി തുടരണം. ഭരണകൂടം ഈ അതിരുകൾ കടക്കുമ്പോൾ, അവർ സംരക്ഷിക്കാൻ ലക്ഷ്യമിടുന്ന ധാർമ്മികതയേ അവർ തന്നെ നശിപ്പിക്കുന്നതാവും ഫലം.
2. ധാർമ്മിക വൈരുദ്ധ്യം
കുറ്റബോധം തോന്നുന്നില്ലെങ്കിൽ ആരും സ്വമേധയാ ഏറ്റുപറയുന്നില്ല. ഭാവിയിൽ ഒരാൾ എന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്നതെന്ന് ആരും കുമ്പസാരത്തിൽ പറയുന്നില്ല. ഒരാൾ ചെയ്തുപോയതും, ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നതുമ്മാണ് ഏറ്റുപറയുന്നത്. കുമ്പസാരം തിന്മയുടെ ഒളിത്താവളമല്ല. പലപ്പോഴും തിന്മ എറ്റുപറയപെടുന്ന ഒരേയൊരു സ്ഥലമാണത്.. ആന്തരികമായ ലജ്ജയിൽ നിന്നും, മാറാനുള്ള ആഗ്രഹത്തിൽ നിന്നും ഒരാൾ ഏറ്റുപറയുമ്പോൾ അത് ഉള്ളിലെ തിന്മക്കു വിള്ളൽവീണതിന്റെ അടയാളമാണ്. അത് സ്വാഭാവികമായി ആ വ്യക്തിയുടെ മനഃപരിവർത്തനത്തിലേക്കും, നന്മയിലേക്കും ഉള്ള ആദ്യപടവുകളാണ്. റീട്രിബ്യുട്ടീവ് ജസ്റ്റിസ് ആവശ്യപ്പെടുന്ന ശിക്ഷക്കപ്പുറമുള്ള വ്യക്തിയുടെ ആന്തരിക പരിവർത്തനത്തിലേക്കു നയിക്കുന്ന മാറ്റങ്ങൾ!
ഇത്തരം ഏറ്റുപറച്ചിലുകൾക്കു കുമ്പസാരകൂടിനെ പ്രാപ്തമാക്കുന്നതു കുമ്പസാര മുദ്രയുടെ വിശ്വാസ്യതയാണ്. ഒരിക്കലും പുറത്തറിയില്ലന്നും, വിധിക്കപെടാതെ സ്വീകരിപ്പെടുമെന്നും ഉറപ്പുള്ള സ്ഥലം എന്ന കുമ്പസാരത്തിന്റെ മഹനീയമായ വിശ്വാസ്യത. എന്നാൽ ഇ പുതിയ നിയമം കുമ്പസാരത്തിന്റെ കാതലായ വിശ്വാസ്യതയെ തുരങ്കം വയ്ക്കുന്നു. വിശ്വാസ്യത തകരുന്ന നിമിഷം മുതൽ, പുരോഹിതൻ ദൈവപ്രതിപുരുഷൻ അല്ല, സർക്കാരിന്റെ വിവരദാതാവ് ആണെന്ന് വരുന്ന നിമിഷം മുതൽ ആരും കുമ്പസാരിക്കില്ല. കുറ്റം വെളിപ്പെടാൻ എന്ന പേരിൽ നടപ്പാക്കുന്ന ഇത്തരം ചിന്താശൂന്യമായ നിയമങ്ങൾ കൂടുതൽ നിശബ്തതയിലേക്ക് മാത്രം നയിക്കും. മാത്രവുമല്ല, കുമ്പസാരത്തിന്റെ പ്രായോഗിക തലം പരിശോധിച്ചാൽ കുമ്പസാരം തിന്മയുടെ ഒരു ഒളിത്താവളം ഒന്നുമല്ലെന്ന് വ്യക്തമാവും. നിയമപരമായി കുറ്റമാകുന്ന ഒരു പ്രവർത്തിയെ ഏറ്റുപറയുന്നു ഒരാളെ പുരോഹിതൻ വിധിക്കുന്നില്ലെങ്കിലും, അധികാരികളുടെ അടുത്തേക്ക് പോകാനും, കീഴടങ്ങാനും, നീതിയെ നേരിടാനും ആണ് സാധാരണ ഗതിയിൽ അദ്ദേഹം പ്രോത്സാഹിപ്പിക്.
3. യുക്തിയുടെ തകർച്ച
ഇനി ഇ നിയമത്തിന്റെ നടത്തിപ്പിന്റെ യുക്തിയെക്കുറിച്ച്. കുമ്പസാരത്തിൽ കേൾക്കുന്ന ദുരുപയോഗം റിപ്പോർട്ട് ചെയ്യാൻ പുരോഹിതന്മാരോട് ആവശ്യപ്പെടുന്ന ഒരു നിയമം നടപ്പിൽ വന്നുഎന്ന്കരുതു. വെളിപ്പെടുത്താനുള്ള സ്റ്റേറ്റിന്റെ ആവശ്യം ഒരു പുരോഹിതൻ നിരസിക്കുന്നു എന്ന് കരുതുക. പുരോഹിതൻ അത് കേട്ടുവെന്ന് ആരാണ് തെളിയിക്കാൻ പോകുന്നത്? പ്രോസിക്യൂട്ടർമാർ എന്ത് തെളിവാണ് മുന്നോട്ട് കൊണ്ടുവരുക? റെക്കോർഡിംഗുകളും , സാക്ഷികളും , ഒരു രേഖയുമില്ലാതെ. ഒരു പുരോഹിതൻ “ഞാൻ ഒന്നും കേട്ടില്ല” എന്ന് പറഞ്ഞാൽ, രാഷ്ട്രം എങ്ങനെയാണ് മറിച്ചു തെളിയിക്കുക? എന്തിന്റെ അടിസ്ഥാനത്തിലാണ് അവർ കുറ്റം ചുമത്തുക? ഒരു കുമ്പസാരം നടന്നതായി പോലും അദ്ദേഹം സമ്മതിക്കാൻ ബാധ്യസ്ഥനല്ല.
കുമ്പസാരത്തിന്റെ മുദ്ര കേവലമാണ്. ഒരു പുരോഹിതന് ഒരു കുമ്പസാരത്തിന്റെ ഉള്ളടക്കം പോലും അംഗീകരിക്കാൻ കഴിയില്ല. അപ്പോൾ എങ്ങനെയാണ് നിയമം അവരിൽ നിന്ന് അനുസരണം പ്രതീക്ഷിക്കുന്നത്? മറ്റാരുടെയെങ്കിലും കുറ്റകൃത്യത്തെകുറിച്ച് അവർ കേട്ടിരിക്കാമെന്ന ഊഹാപോഹത്തിന്റെ അടിസ്ഥാനത്തിൽ പുരോഹിതന്മാരെ ശിക്ഷിക്കുന്നതിനെ നിയമവാഴ്ച എന്ന് വിളിക്കുന്നതിന്റെ വിപരീത ധാർമികത തുറന്നു കാട്ടപ്പെടുക തന്നെ വേണം. കാഫ്കയുടെ കഥാലോകത്തെ അനുസ്മരിപ്പിക്കുന്ന രീതിയിൽ നിയമനിര്മാതാക്കൾ പെരുമാറി തുടങ്ങുമ്പോൾ അത് ഭീതിജനകമാണ്.
4. നിയമപരമായ കാപട്യം
ഇവിടെയാണ് കാപട്യം അതിന്റെ മുർദ്ധന്യവസ്ഥയിൽ എത്തുന്നത്. ഒരു പ്രതിഭാഗം അഭിഭാഷകന് തന്റെ കക്ഷിയുടെ കുറ്റകൃത്യത്തിന്റെ എല്ലാ ഹീനമായ വിശദാംശങ്ങളും അറിയാൻ കഴിയും. കുറ്റവാളികളെ സംരക്ഷിക്കാനും, കുറ്റവാളികളെ പരിശീലിപ്പിക്കാനും, അവരെ മോചിപ്പിക്കാൻ തന്ത്രം കെട്ടിപ്പടുക്കാനും അയാൾക്ക് കഴിയും.എന്നിട്ടും അഭിഭാഷക-കക്ഷി പദവി സംരക്ഷിക്കപ്പെടുന്നു - നീതി നടപ്പിലാക്കാൻ ആവശ്യമായ ന്യായമായ നടപടിക്രമങ്ങൾ എന്ന രീതിയിൽ അവയെല്ലാം പ്രകീർത്തിക്കപ്പെടുന്നു. എന്നാൽ തന്ത്രം മെനയാത്ത, പ്രതിഫലം ആവശ്യപ്പെടാത്ത, ആരെങ്കിലും പശ്ചാത്തപിക്കുന്നത് കേൾക്കുന്ന, അവരെ തിരുത്താൻ ശ്രമിക്കുന്ന ഒരു പുരോഹിതനോട് നിയമം പറയുന്നു: ‘വെളിപ്പെടുത്തുക, അല്ലെങ്കിൽ ജയിലിൽ പോകുക’. നേട്ടത്തിനായി കുറ്റവാളികളെ രക്ഷിക്കുന്ന ആൾക്കാർ ആഘോഷിക്കപ്പെടുകയും, പശ്ചാത്താപികുന്ന ഒരാളെ ശ്രവിക്കുന്ന ആത്മീയ വഴികാട്ടി ശിക്ഷിക്കപ്പെടുകയും ചെയ്യുന്ന ഒരു നിയമവ്യവസ്ഥയിലാണ് നാം ജീവിക്കുന്നത്.
അതുപോലെ തന്നെ, പത്രപ്രവർത്തക-ഉറവിട ബന്ധവും നിയമപരിരക്ഷ ഉള്ളതാണ്. എത്ര സ്തോഭജനകവും, തിന്മയുമായ വാർത്തകളുടെ ഉറവിടം പോലും പത്രപ്രവര്ത്തകന് മറച്ചു വയ്ക്കാം. സത്യത്തിന്റ പ്രകാശനത്തിന് അത്തരം മാര്ഗങ്ങള് ആവശ്യമാണെന്ന് സമൂഹം അംഗീകരിക്കുകയും അവക്ക് നിയമം പരിരക്ഷ നല്കുകയും ചെയ്യന്നു. അഭിഭാഷക-കക്ഷി പദവി നീതിയുടെയും, പത്രപ്രവർത്തക-ഉറവിട പദവി സത്യത്തിന്റെയും നടത്തിപ്പിന് ആവശ്യമായത് പോലെ, മനുഷ്യരെ ആന്തരിക പരിവർത്തനത്തിലേക്കു നയിക്കുന്നതിന് കുമ്പസാരവും ആവശ്യമാണ്. എന്നാൽ ആദ്യത്തവയെ അംഗീകരിക്കുകയും കുമ്പസാരത്തെ അവഗണിക്കുകയും ചെയ്യുന്നത് കാപട്യം മാത്രമല്ല ഭരണകൂടങ്ങളുടെ ദൈവം ചമയലാണ്. പ്രത്യയശാസ്ത്രപരമായ ലക്ഷ്യത്തിനു വേണ്ടി മത സ്വാതന്ദ്ര്യത്തിനെ ബലിയാടാക്കുന്നതാണ്.
5. പ്രായോഗിക ഉപയോഗശൂന്യത
യഥാർത്ഥ വേട്ടക്കാർ കുറ്റം സമ്മതിക്കാത്തതിനാൽ, അല്ലെങ്കിൽ കുമ്പസാരിക്കാത്തതിനാൽ, ഈ നിയമം യഥാർത്ഥ വേട്ടക്കാരെ തടയുന്നില്ല. തകർന്നവരും, പിഴ പറ്റിയതിനെപ്പറ്റി ആകുലപ്പെടുന്നവരും, പരിവർത്തനത്തിനു ആഗ്രഹിക്കുന്നവരുമാണ് കുമ്പസാരിക്കുന്നവർ. അവരോട് സംസാരിക്കാൻ, അവരെ കേൾക്കാൻ കഴിഞ്ഞാൽ, ഒരു പക്ഷെ അവർ കീഴടങ്ങാൻ പ്രേരിപ്പിക്കപ്പെട്ടേക്കാം.
പ്രായോഗികമായ ഒരു നിർവ്വഹണ സംവിധാനമോ, കുട്ടികളുടെ സുരക്ഷയിൽ വർദ്ധനവോ, മെച്ചപ്പെട്ട നീതിയോ നൽകാതെ ‘കുട്ടികളുടെ സംരക്ഷണത്തിന്’ എന്ന മുഖംമൂടി അണിഞ്ഞ മതത്തിന്റെ മേലുള്ള ഭരണകൂടത്തിന്റെ ഒരു പ്രതീകാത്മക ആക്രമണമാണിത്. കുറ്റവാളികളെ പിടികൂടി നീതിനടപ്പാക്കാൻ ബാധ്യതയുള്ള ഭരണകൂടം സ്വന്തം കഴിവില്ലായ്‍മ മറച്ചു വയ്ക്കാൻ മറ്റുള്ളവരുടെ നിശബ്ദതയെ ശിക്ഷിക്കുന്ന നീതിശാസ്ത്രമാണിത്. കുരുക്കിന് പാകമായ കഴുത്തുകളുള്ള ഗോവർദ്ധന്മാരെ തൂക്കാൻ വിധിക്കുന്നവർ !